ഇംഗ്ലണ്ടിലും വെയിൽസിലും കൗമാരക്കാർ കത്തിയാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സംഭവങ്ങൾ ഉയരുന്നു. 2023-24 കാലഘത്തിൽ 13-19 ഇടയിലുള്ള 64 കൗമാരക്കാരാണ് കൊല്ലപ്പെട്ടത്. ഇതിൽ 53 പേരും കത്തിയാക്രമണങ്ങളുടെ ഇരയാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. തിങ്കളാഴ്ച ഷെഫീൽഡിലെ സ്‌കൂളിൽ കൗമാരക്കാരൻ കത്തിയാക്രമണത്തിൽ കുത്തേറ്റു മരിച്ചിരുന്നു.
ആൺകുട്ടികളാണ് കത്തിയാക്രമണത്തിന് ഏറെയും ഇരയാകുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്നത് മുതൽ യുദ്ധഭൂമിയിൽ സൈനികർ ഉപയോഗിക്കുന്ന കത്തികൾ വരെ കുറ്റവാളികൾ ഉപയോഗിക്കുന്നു എന്നവിവരം ഭരണകൂട സംവിധാനങ്ങളേയും ഞെട്ടിക്കുന്നതാണ്.
സോംബി ശൈലിയിലുള്ള കത്തികൾ 2024 സെപ്റ്റംബറിൽ ഇംഗ്ലണ്ടിലും വെയിൽസിലും നിരോധിച്ചിരുന്നു. എന്നാൽ സോംബി കത്തികൾ ഓൺലൈനിൽ യഥേഷ്ചടം ലഭ്യമാകുമെന്ന് ബി.ബി.സി. നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
മൂർച്ചയുള്ള അറ്റത്തോടുകൂടിയ കത്തികൾ അടുക്കളക്കത്തികൾ നിരോധിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ പ്രതികരിച്ചിരുന്നു. 18 വയസിന് താഴെയുള്ളവർക്ക് കത്തികൾ ഓൺലൈനിൽ വിൽക്കുന്നത് തടയാനുള്ള നടപടികളും ഒരുങ്ങുന്നുണ്ട്.