തിരുവോണ ദിനത്തിൽ വിദ്യാർഥികൾക്ക് പത്താമത്തെ വീട് കൈമാറി ഇടുക്കിയിലെ അധ്യാപിക
തിരുവോണ ദിനത്തിൽ വിദ്യാർഥികൾക്ക് പത്താമത്തെ വീട് കൈമാറി ഇടുക്കിയിലെ അധ്യാപിക. ഇടുക്കി കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപിക ലബ്ബക്കട കൊച്ചുപറമ്പിൽ ലിൻസി ജോർജ് ആണ് ആ താരം.
ഈ വർഷത്തെ തിരുവോണ -അധ്യാപകദിനത്തിൽ സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾക്കായി നിർമ്മിച്ച പുതിയ വീടിന്റെ താക്കോൽ ആണ് സമ്മാനിക്കുന്നത്.
ഏഴരലക്ഷത്തിലധികം രൂപ ചെലവിൽ വിദ്യാർത്ഥികൾക്കായി നിർമ്മിച്ച വീടിന്റെ കൈമാറ്റം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് കോഴിമലയിൽ നടക്കും.
ക്യാൻസർ ബാധിച്ച് മാതാവിനെ നഷ്ടപ്പെട്ട ആറ് ,പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾ മാതൃസഹോദരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.
പ്രായാധിക്യവും രോഗബാധിതനുമായ വല്യപ്പനും കിടപ്പുരോഗിയായ വല്യമ്മയുമൊപ്പമുള്ള ചോർന്നൊലിക്കുന്ന മൺകട്ട വീട്ടിൽ കഴിയേണ്ടിവന്ന ഇവരുടെ ദുരവസ്ഥ അധ്യാപകരായ ടി.സി.വിജിയും ലിൻസി ജോർജും ഭവനസന്ദർശനത്തിനിടെ മനസിലാക്കി.
ഇക്കാര്യം ലിൻസി ടീച്ചർ അമേരിക്കയിലെ ചിക്കാഗോയിൽ താമസിക്കുന്ന വൈക്കം സ്വദേശികളായ റീത്ത ജോർജ് – ആൻറണി ജോർജ് ദമ്പതികളെ അറിയിച്ചു.
തുടർന്ന് ഇവരുടെ മകൾ, എമി ജോർജിന്റെ സഹായത്താലാണ് വീടിന്റെ നിർമ്മാണം സാധ്യമായത്.
ലിൻസി ജോർജിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ പത്ത് വീടുകളാണ് സാമൂഹ്യ പ്രതിബദ്ധതയോടെ ഇതുവരെ മുരിക്കാട്ടുകുടി സ്കൂളിലെയും സമീപ സ്കൂളിലെയും വിദ്യാർത്ഥികൾക്കായി നിർമ്മിച്ച് നൽകിയത്.
വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർത്ഥികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
അധ്യാപക ദിനവും തിരുവോണ ദിനവും ഒരുമിച്ചുചേരുന്ന ഇന്ന് സ്വന്തം വിദ്യാർത്ഥികൾക്കു വീട് സമ്മാനിക്കുന്ന ലിൻസി ജോർജിന്റെ പ്രവർത്തനം, “അധ്യാപനം പാഠപുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല, ജീവിതം തന്നെ വിദ്യാർത്ഥികൾക്ക് കരുത്തായി സമ്മാനിക്കുകയാണ്” എന്ന വലിയ സന്ദേശം സമൂഹത്തിന് നൽകുന്നു.