കടുത്ത കാലുവേദനയുമായി എത്തിയ യുവാവിന്റെ സിടി സ്കാൻ ദൃശ്യങ്ങൾ പരിശോധിച്ച ഡോക്ടർ ഞെട്ടി. രോഗിയുടെ രണ്ട് കാലുകൾക്കുള്ളിലും നാടവിരകളുടെ ലാർവകൾ നിറഞ്ഞിരിക്കുന്നു.Tapeworm larvae inside both legs of the patient
പരാദ അണുബാധയുള്ള യുവാവിന്റെ ഇരുകാലുകളിലൂടെയും സിടി സ്കാൻ ദൃശ്യങ്ങൾ യുഎസ് ഡോക്ടറായ സാം ഘാലിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതെങ്ങനെ യുവാവിന്റെ ശരീരത്തിലെത്തിയെന്നായിരുന്നു ഡോക്ടറുടെ സംശയം.
പരിശോധനയിൽ ഇയാൾ ഒരു മാസം മുൻപ് പാകം ചെയ്യാത്ത പന്നിയിറച്ചി കഴിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതിൽ നിന്നാണ് യുവാവിന് പരാദ അണുബാധയുണ്ടായതെന്ന് സാം ഘാലി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പന്നികളിൽ കാണപ്പെടുന്ന ഈ നാടവിര ലാർവകൾ പന്നിയിറച്ചി പാകം ചെയ്യാതെ ഭക്ഷിക്കുമ്പോൾ മനുഷ്യ ശരീരത്തിനുള്ളിലേക്കും എത്തുന്നു.
12 ആഴ്ചകൾക്കുള്ളിൽ ദഹനനാളത്തിനുള്ളിൽ ഈ ലാർവകൾ വളർച്ച പൂർത്തിയായ നാട വിരകളായി മാറും. ഈ അവസ്ഥയെ ഇന്റസ്‌റ്റൈനൽ റ്റീനിയാസിസ് എന്നാണ് പറയുന്നതെന്ന് ഡോക്ടർ സാം ഘാലി പറഞ്ഞു.
ഈ വിരകൾ ദഹനാളത്തിന്റെ ഭിത്തി തുളച്ച് രക്തത്തിലേക്ക് കലര്ന്നതോടെ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കും. ഇവ പ്രധാനമായും ആക്രമിക്കുന്നത് മസ്തിഷ്കം, കണ്ണുകൾ, സബ്ക്യുട്ടേനിയസ് കലകൾ, അസ്ഥിപേശികൾ എന്നിവയെയാണ്.
ചില ആളുകളിൽ, ലാർവകൾ മസ്തിഷ്കത്തിലേക്ക് സഞ്ചരിക്കുകയും മസ്തിഷ്ക കോശങ്ങളിൽ സിസ്റ്റുകൾ രൂപപ്പെടുകയും ചെയ്യും. ഇത് തലവേദന, അപസ്മാരം, മറ്റ് ഗുരുതരമായ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവയുണ്ടാക്കുമെന്നും ഡോ. സാം ഘാലി പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി.