മലപ്പുറം: താനൂരില്‍ പെൺകുട്ടികൾ നാട് വിട്ട സംഭവത്തില്‍ അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക്. കുട്ടികളെ പ്രാദേശികമായി ആരെങ്കിലും സഹായിച്ചോ എന്നതടക്കമുള്ള വിവരങ്ങൾ തേടാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കുട്ടികൾ എത്തിയ ബ്യൂട്ടി പാര്‍ലർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.
വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. നിലവിൽ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ തുടരുന്ന പെണ്‍കുട്ടികളെ ഞായറാഴ്ച തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. കുട്ടികളെ രക്ഷിതാക്കള്‍ക്ക് വിടുന്നതിന് മുമ്പായി കൗണ്‍സിലിങ് നല്‍കും.
ഇവരെ നാടുവിടാനായി സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ആണ് പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികൾ നാടുവിട്ടത്. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ പൂനെയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.