മലപ്പുറം: താനൂരിൽ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിലിരിക്കെ മരിച്ച കേസിൽ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം മടക്കിയത്. കുറ്റപത്രത്തിലെ ചില തീയതികള്‍ രേഖപ്പെടുത്തിയതില്‍ സംഭവിച്ച പിഴവുകള്‍ മൂലമാണ് നടപടി.
നേരിയ ചില സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയതെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കോടതി നിര്‍ദേശിച്ച പിഴവുകള്‍ തിരുത്തി കുറ്റപത്രം ഉടന്‍ വീണ്ടും സമര്‍പ്പിക്കുമെന്നും സിബിഐ അഭിഭാഷകര്‍ വ്യക്തമാക്കി. താമിര്‍ ജിഫ്രി പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചെന്നാണ് കേസ്.
2023 ആഗസ്റ്റിലായിരുന്നു സംഭവം നടന്നത്. കേസില്‍ പ്രതികളായ പൊലീസുകാര്‍ പിന്നീട് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ചേളാരിയിൽ നിന്ന് ഡാൻസാഫ് സംഘം പിടികൂടിയ താമിർ ജിഫ്രി തിരൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.
എംഡിഎംഎ കൈവശം വെച്ചതിനാണ് താമിർ ജിഫ്രി അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ നിരന്തര ആവശ്യത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്.