17.1 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടിയ ടാങ്കർലോറി ഉടമയ്ക്ക് തിരികെ ലഭിച്ചു. മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഉടമ തമിഴ്നാട് സ്വദേശിക്ക് വാഹനം തിരികെ കിട്ടിയത്. നാമക്കൽ സ്വദേശിയായ കാർത്തിക് എക്സൈസ് അഡീഷണൽ കമ്മീഷണർക്ക് സമർപ്പിച്ച ഹർജിയിലാണ് ലോറി വിട്ടുനൽകാൻ ഉത്തരവിട്ടത്.
മദ്യം പിടികൂടിയ വാഹനം സാധാരണഗതിയിൽ സർക്കാർ കണ്ടുകെട്ടുകയാണ് പതിവ്. മദ്യം കടത്തിയ സംഭവത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന വാദവുമായി ടാങ്കർ ഉടമ കാർത്തിക് നൽകിയ അപ്പീലിലാണ് അനുകൂലവിധിയുണ്ടായത്.
2022 ഡിസംബർ 17-നാണ് ഈ ടാങ്കർ 17.1 ലിറ്റർ കർണാടകമദ്യവുമായി എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ ലക്ഷ്മണനെ അറസ്റ്റുചെയ്തിരുന്നു. അന്നുമുതൽ ലോറി ദേശീയപാതയിൽ ചോമ്പാല ബ്ലോക്ക് ഓഫിസിനുമുന്നിൽ കിടക്കുകയാണ്. ടാങ്കർ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വല്ലതും ബോധിപ്പിക്കാനുണ്ടോയെന്ന് കാണിച്ച് നോട്ടീസയച്ചു. വാഹന ഉടമയായ താൻ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ വണ്ടി വിട്ടുതരണമെന്നും മറുപടി നൽകിയെങ്കിലും ഇത് പരിഗണിച്ചില്ല.
തുടർന്ന് കാർത്തിക് അഭിഭാഷകനായ ഹരീഷ് കാരയിലിനെ സമീപിക്കുകയും, അദ്ദേഹം വഴി തിരുവനന്തപുരം എക്സൈസ് അഡീഷണൽ കമ്മീഷണർക്ക് അപ്പീൽ നൽകുകയും ചെയ്തു. ടാങ്കർ ഉടമ മദ്യക്കടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും ഡ്രൈവർ മദ്യം കടത്തിയതിന് 23 ലക്ഷം രൂപ വിലയുള്ള ടാങ്കർ കണ്ടുകെട്ടുന്നത് നീതീകരിക്കാനാകില്ലെന്നും ഇവർ വാദിച്ചു. ഇതെ തുടർന്നാണ് വാഹനം വിട്ടുനൽകാൻ ഉത്തരവായത്.
English summary : Tanker lorry seized by excise in Vadakara returned to owner; After months of legal battles