ചെന്നൈ: സത്യപ്രതിജ്ഞ ചടങ്ങിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരസ്യമായി താക്കീത് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി നേതാവും തെലങ്കാന മുൻ ഗവർണറുമായ തമിഴിസൈ സൗന്ദർരാജൻ. രാഷ്ട്രീയ പ്രവർത്തനവും മണ്ഡലത്തിലെ സാന്നിധ്യവും ശക്തമാക്കണമെന്ന് അമിത് ഷാ ഉപദേശിക്കുകയായിരുന്നു എന്നാണ് തമിഴിസൈയുടെ വിശദീകരണം.( Tamilisai Clears Row Over Interaction With Amit Shah In Viral Video)
കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തമിഴിസൈ സൗന്ദർരാജനെ വേദിയിലേക്കു വിളിച്ചുവരുത്തി അമിത് ഷാ അനിഷ്ടത്തോടെ സംസാരിക്കുന്നു എന്ന തരത്തിലാണു ദൃശ്യങ്ങൾ പുറത്തു വന്നത്.
‘‘2024ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ആഭ്യന്തര മന്ത്രി അമിത് ഷായെ ആന്ധ്രപ്രദേശിൽ കണ്ടപ്പോൾ, ഭാവി രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചു. എല്ലാം വിശദമായി പറയാൻ തുടങ്ങിയപ്പോൾ, സമയക്കുറവ് കാരണം, രാഷ്ട്രീയ–മണ്ഡല പ്രവർത്തനങ്ങൾ ഊർജിതമായി നിർവഹിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ഇതേപ്പറ്റിയുള്ള അനാവശ്യ ഊഹാപോഹങ്ങളിൽ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്’’– എക്സിൽ തമിഴിസൈ കുറിച്ചു. ചെന്നൈയിലേക്കു മടങ്ങിയെത്തിയ തമിഴിസൈ മാധ്യമങ്ങളോടു പ്രതികരിക്കാൻ തയ്യാറായില്ല.
Read Also: കുവൈറ്റിൽ മരിച്ച 31 പേരുടെ മൃതദേഹങ്ങൾ കൊച്ചിയിലെത്തി; ഇനി പൊതുദർശനം
Read Also: ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു