തിരുവനന്തപുരം: രണ്ടെടുത്താൽ ഒരു എൽ.ഇ.ഡി. ബൾബ് ഫ്രീ. ബി.പി.എൽ. കുടുംബങ്ങൾക്കും അങ്കണവാടികൾക്കും സർക്കാർ ആശുപത്രികൾക്കും ഫ്രീ.
കെട്ടിക്കിടക്കുന്ന, വാറന്റി തീരാറായതും തീർന്നതുമായ എൽ.ഇ.ഡി. ബൾബുകൾ വിറ്റഴിക്കാനും ഒഴിവാക്കാനും ഓഫർ പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി.
ഫിലമെന്റ് ഫ്രീ കേരളം എന്ന ലക്ഷ്യത്തോടെ വാങ്ങിക്കൂട്ടിയ 2.19 ലക്ഷം ബൾബുകൾ സ്റ്റോറുകളിൽ കെട്ടിക്കിടക്കുന്നു. ഇവയുടെ മൂന്നുവർഷ വാറന്റി കഴിയാറായതിനാലാണ് ഓഫർ വിൽപ്പന.
1.17 കോടി ബൾബുകൾ 54.88 കോടിരൂപയ്ക്കാണ് കെ.എസ്.ഇ.ബി. വാങ്ങിയത്. ഇതിൽ 1.15 കോടി ഇതുവരെ വിറ്റഴിഞ്ഞു.
ശേഷിക്കുന്ന രണ്ടുശതമാനത്തോളം ബൾബുകൾ എങ്ങനെയും വിറ്റ് നഷ്ടം കുറയ്ക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി.
ഒമ്പത് വാട്‌സിന്റെ എൽ.ഇ.ഡി ബൾബിന് 65 രൂപയാണ് കെ.എസ്.ഇ.ബി ഈടാക്കിയിരുന്നത്. ഇപ്പോൾ ബൾബിന് വിപണിയിൽ വില ഇതിലും കുറവ്.
ജനങ്ങൾക്ക് വിതരണം ചെയ്യാനായി കെ.എസ്.ഇ.ബി വാങ്ങിക്കൂട്ടിയ എൽ.ഇ.ഡി ബൾബുകൾ ഓഫീസുകളിൽ കെട്ടിക്കിടന്ന് കാലഹരണപ്പെട്ടതോടെയാണ് പുതിയ നീക്കം. ഇതോടെ, സുസ്ഥിര ഉൗർജ്ജ നയത്തിന്റെ ഭാഗമായി നടപ്പാക്കിയ ഫിലമെന്റ് രഹിത കേരളംപദ്ധതി കെ.എസ്.ഇ.ബിക്ക് ബാദ്ധ്യതയായി.
54.88കോടിരൂപയാണ് ചെലവാക്കിയത്. പദ്ധതിയുമായി സഹകരിച്ച വകയിൽ എനർജി മാനേജ്മെന്റ് സെന്ററിന് 7.36കോടിരൂപയും കൊടുക്കാനുണ്ട്.
വാങ്ങിക്കൂട്ടിയ 1.17കോടി എൽ.ഇ.ഡി.ബൾബുകളിൽ 2.19 ലക്ഷവും ഡൊമസ്റ്റിക് ലൈറ്റിംഗ് എഫിഷ്യന്റ് പ്രോഗ്രാമിന്റെ ഭാഗമായി വാങ്ങിയ 1.83 ലക്ഷം എൽ.ഇ.ഡി.ബൾബുകളിൽ 81000 എണ്ണവുമാണ് കെട്ടികിടക്കുന്നത്.
മൂന്ന് വർഷത്തെ ഗ്യാരന്റി കാലാവധി ഈ വർഷം ഒക്ടോബർ 31ന് അവസാനിച്ചു.എൽ.ഇ.ഡിയിലേക്ക് ജനങ്ങളെ ആകർപ്പിക്കാൻ വീടുകളിൽ നിന്ന് പഴയ സി.എഫ്.എൽ,ഇൻകാൻഡസെന്റ് ബൾബുകൾ കെ.എസ്.ഇ.ബിയുടെ ഓഫീസുകളിൽ ശേഖരിച്ചിരുന്നു.
ഇവ സംസ്ക്കരിക്കാൻ ബൾബ് ഒന്നിന് അഞ്ചുരൂപ നിരക്കിൽ വാങ്ങിയിട്ടുണ്ട്. പക്ഷെ, ഒന്നും ചെയ്തില്ല. കെട്ടിക്കിടക്കുന്ന എൽ.ഇ.ഡി ബൾബുകൾ അങ്കണവാടികൾ, ദാരിദ്രരേഖയ്ക്ക് താഴെയുള്ള 50 യൂണിറ്റിൽ താഴെ ഉപയോഗിക്കുന്ന വീടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ വിതരണം ചെയ്തും രണ്ട് എൽ.ഇ.ഡി.വാങ്ങാൻ തയ്യാറാവുന്നവർക്ക് ഒരെണ്ണം സൗജന്യമായി നൽകിയും ഇവ നീക്കം ചെയ്യാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം.
2018ൽ തുടങ്ങിയതാണ് ഫിലമെന്റ് രഹിത കേരളംപദ്ധതി. 2018 നവംബർ മുതൽ കോംപാക്ട് ഫ്ളൂറസെന്റ് ലൈറ്റുകളും (സി.എഫ്.എൽ), ഇൻകാൻഡസെന്റ് (ഫിലമെന്റ്) ബൾബുകളും വിൽക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനും എല്ലാവരും എൽ.ഇ.ഡി.ബൾബുകൾ ഉപയോഗിച്ചാൽ മതിയെന്ന് നിബന്ധന കൊണ്ടുവരാനുമായിരുന്നു തീരുമാനം.
മൂന്ന് വർഷത്തെ ഗ്യാരന്റിയിൽ ക്രോംപ്റ്റൺ ഗ്രീവ്സ് പോലുള്ള സ്വകാര്യസ്ഥാപനങ്ങളിൽ നിന്നാണ് കോടികൾ ചെലവഴിച്ച് എൽ.ഇ.ഡി.വാങ്ങിയത്. 80 ലക്ഷം ഗാർഹിക ഉപഭോക്താൾക്ക് പഴയ ബൾബുകൾക്ക് പകരം സൗജന്യനിരക്കിൽ എൽ.ഇ.ഡി.നൽകാനായിരുന്നു തീരുമാനം.
തെരുവുവിളക്കുകളിൽ ലൈറ്റ് എമിറ്റിങ് ഡയോഡ് (എൽ.ഇ.ഡി) ബൾബുകൾ ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു.ഫിലമെന്റ് രഹിത കേരള പദ്ധതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും കേരള എനർജി മനേജ്‌മെന്റ് സെന്ററും ചേർന്നാണ് നടപ്പാക്കിയത്.
80 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ 19ലക്ഷം പേർ മാത്രമാണ് പദ്ധതിയിൽ താത്പര്യം കാട്ടിയത്. കെ.എസ്.ഇ.ബി 65 രൂപയ്ക്ക് കൊടുക്കാൻ ലക്ഷ്യമിട്ട എൽ.ഇ.ഡി.യുടെ വില പൊതുവിപണിയിൽ 50രൂപയിലേക്ക് താഴുകയും ചെയ്തു. ഇതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.
എൽ.ഇ.ഡി ബൾബുകൾ ഊർജ കാര്യക്ഷമതയുള്ളതും മാലിന്യത്തിന്റെ തോത് വളരെ കുറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഫിലമെന്റ് ബൾബുകളിൽ മെർക്കുറി മൂലകം അടങ്ങിയിരിക്കുന്നു. അത് തകരുമ്പോൾ പ്രകൃതിയിൽ മലിനീകരണം ഉണ്ടാക്കുമെന്നായിരുന്നു വാദം.
ഒൻപത് വാട്ട് എൽ.ഇ.ഡി ബൾബുകളാണ് സർക്കാർ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ തീരുമാനിച്ചത്. 2018ൽ കാസർകോട് ജില്ലയിലെ പീലിക്കോട് പൂർണമായും രാജ്യത്തെ ആദ്യത്തെ ഫിലമെന്റ് രഹിതമായ പഞ്ചായത്തായി മാറുകയും ചെയ്തു.പിന്നാലെയാണ് സംസ്ഥാനം മുഴുവൻ നടപ്പാക്കാൻ കോടികൾ വകയിരുത്തിയത്.