മുംബൈ: ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന ഏകദിന ലോകകപ്പ് സമാപനത്തിലേക്ക് അടുക്കുകയാണ്. ആരാധകരുടെ ഇനിയുള്ള കാത്തിരിപ്പ് മുഴുവൻ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പാണ്. കുട്ടി ക്രിക്കറ്റ് ലോകകപ്പിന് അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് വേദിയാവുന്നത്. ഇതിനോടകം ടീമുകളെല്ലാം ടി20 ലോകകപ്പിനായുള്ള പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു.
അതേസമയം, ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ നായകന്മാരായവരില്‍ ചിലരെ ടി20 ലോകകപ്പില്‍ ടീമില്‍ പോലും കാണാൻ സാധിക്കില്ല. ടി20 ഫോര്‍മാറ്റില്‍ നിന്ന് തഴയപ്പെടാന്‍ സാധ്യതയുള്ള ഏകദിന ലോകകപ്പിലെ നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
ടെംബ ബാവുമ
ഈ പട്ടികയിൽ ഒന്നാമൻ ദക്ഷിണാഫ്രിക്കന്‍ നായകനായ ടെംബ ബാവുമയാണ്. ബാവുമ ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഫ്രീ വിക്കറ്റ് താരമായി ബാവുമ മാറിയിരിക്കുകയാണ്. ഏകദിന ലോകകപ്പിലെ നായകനാണെങ്കിലും ടി20 ഫോര്‍മാറ്റില്‍ ബാവുമക്ക് ടീമില്‍ സ്ഥാനമുണ്ടായേക്കില്ല. എയ്ഡന്‍ മാർക്രം ദക്ഷിണാഫ്രിക്കയെ ടി20യില്‍ നയിക്കാന്‍ ആണ് സാധ്യത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവില്ലാത്ത താരമാണ് ബാവുമ. ടി20യില്‍ മികച്ച താരനിര ദക്ഷിണാഫ്രിക്കയ്ക്കുള്ളതിനാല്‍ ബാവുമയെ ടി20 ലോകകപ്പ് ടീമില്‍ കാണാനാവില്ലെന്ന കാര്യം ഉറപ്പാണ്.
ദസുന്‍ ഷനക
രണ്ടാമത്തെ താരം ശ്രീലങ്കയുടെ ദസുന്‍ ഷനകയാണ്. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചത് ഷനകയാണ്. എന്നാല്‍ പാതിവഴിയില്‍ പരിക്കേറ്റതോടെ ഷനകയ്ക്ക് പുറത്തിരിക്കേണ്ടി വന്നു. ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെച്ചത്. ഇതോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടിരുന്നു. ഇതോടെ ഐസിസിയും ശ്രീലങ്കയെ വിലക്കി. ടി20 ലോകകപ്പിന് മുമ്പ് വിലക്ക് മാറ്റിയാല്‍ ഷനക കളിച്ചേക്കും. അല്ലാത്ത പക്ഷം ഷനകയെ ടി20 ലോകകപ്പില്‍ കാണാന്‍ സാധിച്ചേക്കില്ല.
രോഹിത് ശര്‍മ
മൂന്നാമത്തെ താരം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. ഇന്ത്യ ഹാര്‍ദിക് പാണ്ഡ്യയെ ടി20 നായകനാക്കിയാണ് മുന്നോട്ട് പോകുന്നത്. ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മയാണ്. തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ടി20 ലോകകപ്പ് കളിക്കാനുള്ള താല്‍പര്യം രോഹിത് ഇതിനോടകം അറിയിച്ചുകഴിഞ്ഞു. എന്നാല്‍ സമീപകാലത്ത് ഇന്ത്യ കളിച്ച ടി20യിലൊന്നും രോഹിത്തിന് സ്ഥാനമില്ലായിരുന്നു. അതുകൊണ്ടുതന്നെ രോഹിത് ടി20 ഫോര്‍മാറ്റില്‍ ഇനി തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്.
രോഹിത് പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കുന്ന ബാറ്റ്സ്മാനാണ്. ഏകദിന ലോകകപ്പിന്റെ പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് രോഹിത് കാഴ്ചവെക്കുന്നത്. എന്നാല്‍ നായകസ്ഥാനം ഒഴിഞ്ഞാല്‍ ടി20യില്‍ രോഹിത് തുടരുന്ന കാര്യം സംശയമാണ്.
ഹഷ്മത്തുല്ല ഷാഹിദി
അഫ്ഗാനിസ്ഥാന്‍ ഇത്തവണ ചരിത്ര കുതിപ്പാണ് ഏകദിന ലോകകപ്പില്‍ കാഴ്ചവെച്ചത്. പാകിസ്താനെ അട്ടിമറിച്ചത് ഉള്‍പ്പെടെ നാല് ജയങ്ങള്‍ നേടാന്‍ അഫ്ഗാനായി. ഹഷ്മത്തുല്ല ഷാഹിദിയെന്ന നായകന് കീഴിലാണ് അഫ്ഗാന്‍ മികച്ച പ്രകടനം നടത്തിയത്. എന്നാല്‍ ഷാഹിദി ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമല്ല ഷാഹിദി. അതുകൊണ്ടുതന്നെ ടി20 ഫോര്‍മാറ്റില്‍ നിന്ന് അദ്ദേഹം തഴയപ്പെടാനുള്ള സാധ്യതയാണ് കൂടുതല്‍.
ഷക്കീബ് അല്‍ ഹസൻ
ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനും ടി20 ലോകകപ്പ് കളിച്ചേക്കില്ല. മോശം പ്രകടനമാണ് ഏകദിന ലോകകപ്പില്‍ ടീം കാഴ്ചവെച്ചത്. കൂടാതെ നായകനെന്ന നിലയിലും ഷക്കീബിന് കാര്യമായൊന്നും ചെയ്യാനായില്ല. സഹതാരങ്ങളുമായുള്ള വിവാദങ്ങളും ഷക്കീബിനെ പുറത്തിരുത്താന്‍ ബംഗ്ലാദേശിനെ നിര്‍ബന്ധിതരാക്കും. മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഷക്കീബിനെ ബംഗ്ലാദേശ് ടി20യില്‍ കൈവിടാനുള്ള സാധ്യതയാണുള്ളത്. അതേസമയം ഇംഗ്ലണ്ട് മോശം പ്രകടനമാണ് ഏകദിന ലോകകപ്പില്‍ നടത്തിയതെങ്കിലും ജോസ് ബട്ലര്‍ തന്നെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിച്ചേക്കും എന്നാണ് സൂചന.