രജിസ്റ്റര്‍ ചെയ്യാത്തതും ലൈസന്‍സില്ലാത്തതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് കടമെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെതില്ല എന്ന് ഓർഡിനൻസ് പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍, വ്യക്തികള്‍, ചെറുകിട കര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകാനാണ് പുതിയ നടപടി.
ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് കടം വാങ്ങി ബാധ്യത താങ്ങാനാവാതെ നിരവധിപ്പേർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രണ്ട് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച കര്‍ണാടക മൈക്രോ ഫിനാന്‍സ് ഓര്‍ഡിനന്‍സിന്റെ കരട് പകര്‍പ്പ് പുറപ്പെടുവിക്കും.
അനധികൃത മൈക്രോ ഫിനാന്‍സില്‍നിന്ന് കടം വാങ്ങുന്നയാളുടെപലിശ അടക്കമുള്ള എല്ലാ വായ്പകളും പൂര്‍ണമായി ഒഴിവാക്കിയതായി കണക്കാക്കും. വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ ഒരു സിവില്‍ കോടതിയും സ്വീകരിക്കില്ല.
ഇത്തരം കെട്ടിക്കിടക്കുന്ന എല്ലാ കേസുകളുടെയും നടപടികള്‍ അവസാനിപ്പിക്കുമെന്നു ഓര്‍ഡിനന്‍സില്‍ പറയുന്നു. എന്നാല്‍, രജിസ്റ്റര്‍ ചെയ്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെയും ഓര്‍ഡിനന്‍സ് ബാധിച്ചേക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു.
Content Summary: Karnataka government issues ordinance that Loans taken from unlicensed microfinance institutions do not have to be repaid.