പ്രായമായവരെ പലവിധ ആരോഗ്യപ്രശ്ങ്ങൾ അലട്ടാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഓസ്റ്റിയോപൊറോസിസ്. അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയത്തെയാണ് ഓസ്റ്റിയോപൊറോസിസ് എന്ന് വിളിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതാണ് ഈ രോഗത്തിന് കാരണം. ഇതുമൂലം അസ്ഥികൾ വേഗത്തിൽ പൊട്ടാനും ഇടയാകുന്നു. പ്രായം ഏറുന്നതുകൊണ്ടും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിൽ വരുന്ന വത്യാസങ്ങൾ കൊണ്ടും എല്ലുകളുടെ ബലക്കുറവ് ഉണ്ടാകാം.
ഓസ്റ്റിയോപോറോസിസ് രോഗത്തിന്റെ പ്രധാന കാരണങ്ങൾ
തെറ്റായ ജീവിതശൈലിയും ഭക്ഷണക്രമവും ഓസ്റ്റിയോപോറോസിസ് രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കായികാധ്വാനം ഇല്ലാത്തതും വിറ്റാമിൻ ഡിയുടെ കുറവുമാണ് പലപ്പോഴും ഈ രോഗാവസ്ഥയ്ക്ക് കാരണം. അമിത മദ്യപാനം, പുകയിലയുടെ ഉപയോഗം, കാൽസ്യം, മറ്റ് അവശ്യ ധാതുക്കൾ എന്നിവയുടെ കുറവ് തുടങ്ങിയവയും രോഗ സാധ്യതയെ കൂട്ടാം. അസ്ഥിയുടെ ബലം കൂടുതല്‍ ശക്തമാകുന്നതിനനുസരിച്ച് രോഗം വരാനുള്ള സാധ്യത കുറയും. എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചില പ്രത്യേക വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്.
ലക്ഷണങ്ങൾ
അസ്ഥി വേദന, അവ്യക്തമായ നടുവേദന, കഴുത്തു വേദന, നഖങ്ങള്‍ പെട്ടെന്ന് പൊട്ടുക, ഉയരം കുറയുക അല്ലെങ്കിൽ പുറം വളഞ്ഞു പോവുക, ശ്വാസം മുട്ടൽ തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം.
ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും എന്തൊക്കെ ചെയ്യാം
1. കാത്സ്യം എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ട പോഷകമാണ്. കാത്സ്യത്തിന്റെ അഭാവം എല്ലുകൾക്ക് ബലക്ഷയം ഉണ്ടാക്കാൻ കാരണമാകാം. പാല്‍, പാല്‍ക്കട്ടി, കട്ടിത്തൈര്, ബീന്‍സ്, മത്തി, ഇലക്കറികള്‍, റാഗി, സോയ, ഡൈ ഫ്രൂട്ട്സുകള്‍ എന്നിവയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.
2. കാത്സ്യം ആഗിരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡിയും ആവശ്യമാണ്. സൂര്യപ്രകാശത്തില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കാം. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങള്‍, മഷ്റൂം, മുട്ട, സാല്‍മണ്‍ മത്സ്യം, തുടങ്ങിയവയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും.
3. ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും അസ്ഥികളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കും. ഇതിനായി മുട്ട, ചിക്കൻ, മാംസം, പരിപ്പ്, വിത്തുകൾ എന്നിവ കഴിക്കാം.
4. അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം. ഇവ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാന്‍ സഹായിക്കും. നട്‌സ്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ, ചീര എന്നിവ മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്.
5. പ്രോട്ടീനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഇതിനായി മുട്ട, മത്സ്യം, നട്സുകള്‍ തുടങ്ങിയ പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Read Also: കൊതുക് നിങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് കടിക്കാറുണ്ടോ ? പിന്നിൽ ചെറുതല്ലാത്ത ഒരു കാരണമുണ്ട് !