ഓച്ചിറ: മറ്റൊരാളുമായി ചങ്ങാത്തത്തിലെന്ന് സംശയിച്ച് ഓച്ചിറയിൽ മധ്യവയസ്കയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തി വയോധികൻ. ഓച്ചിറ പായിക്കുഴിയിൽ വാടകക്ക് താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത്വിളയിൽ വിലാസിനിയാണ് (56) ആക്രമണത്തിനിരയായത്. ഗുരുതരമായി പൊള്ളലേറ്റ വിലാസിനിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിലാസിനി അപകടനില തരണം ചെയ്തിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ മുൻ അന്തേവാസി കൊട്ടാരക്കര പള്ളിക്കൽ പുതുവൽവീട്ടിൽ സുകുമാരനെ (64) ഓച്ചിറ പൊലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ 5.45ന് പടനിലത്തെ ഓംകാരസത്രത്തിന് സമീപമാണ് സംഭവം. വിലാസിനി ഈയിടയായി തന്നെ അവഗണിച്ച് മറ്റൊരാളുമായി ചങ്ങാത്തത്തിൽ ഏർപ്പെടുന്നതായി സംശയിച്ചാണ് റബർപാൽ കട്ടിയാക്കുന്നതിന് ഉപയോഗിക്കുന്ന ആസിഡ് ഏനാത്തുനിന്ന് സംഘടിപ്പിച്ച് കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.
സ്വഭാവദൂഷ്യത്തെതുടർന്ന് സുകുമാരനെ അന്തേവാസി പട്ടികയിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.