ന്യൂഡൽഹി: പാർലമെൻറിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം.സസ്പെൻഷൻ പിൻവലിക്കണമെന്ന് ലോക്സഭാ സ്പീക്കറോടും രാജ്യസഭ ചെയർമാനോടും ആവശ്യപ്പെട്ടതായി കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു. ഇരുവരും അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. നടപടി നേരിട്ടവർ നാളെ സഭയിലെത്തുമെന്നും പ്രൽഹാദ് ജോഷി വ്യക്തമാക്കി.
ശൈത്യകാല സമ്മേളനത്തിനിടെ ഡിസംബർ 13ന് ഉണ്ടായ സുരക്ഷാ വീഴ്ചയ്ക്കെതിരെ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. ഇതിന് പിന്നാലെ എംപിമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്പീക്കറുടെ നടപടിക്കെതിരെ സഭയ്ക്ക അകത്തും പുറത്തും പ്രതിഷേധിച്ചവരെ സഭ സസ്പെൻഡ് ചെയ്തതോടെ 146 പ്രതിപക്ഷ എം പിമാരും ഇരുസഭകളിൽ നിന്നും സസ്പെൻഷനിലായി. കേരളത്തിൽ നിന്നുള്ള എംപിമാരടക്കം സസ്പെൻഷനിലാണ്.
2001 ഡിസംബർ 13 ലെ പാർലമെന്റ് ഭീകരാക്രമണത്തിന്റെ വാർഷിക ദിവസം തന്നെ പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായതാണ് പ്രതിപക്ഷ എംപിമാരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇത്രയും എംപിമാർ പുറത്താക്കപ്പെട്ടതിന് പിന്നാലെ സുപ്രധാന ക്രിമിനല്‍ നിയമ ബില്ലുകള്‍ സഭ പാസാക്കുകയും ചെയ്തിരുന്നു.