കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. മഴ കളിച്ച രണ്ടാം ടി20യില്‍ ഏഴ് വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവും സംഘവും വിജയിച്ചത്.Suryakumar Yadav and his team won the second T20 played in rain by seven wickets
പല്ലേക്കല്ലെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിനിങ്ങിനിറങ്ങിയ ശ്രീലങ്ക 162 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. മഴയെ തുടര്‍ന്ന് ഇന്ത്യയുടെ വിജയലക്ഷ്യം എട്ട് ഓവറില്‍ 78 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. ഒന്‍പത് പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്ന ഇന്ത്യ വിജയവും പരമ്പരയും സ്വന്തമാക്കി.
ആദ്യം ബാറ്റുചെയ്ത ലങ്ക നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റണ്‍സ് അടിച്ചെടുത്തത്. കുശാല്‍ പെരേരയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ലങ്കയ്ക്ക് തുണയായത്.
34 പന്തില്‍ 53 റണ്‍സെടുത്ത പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനെത്തിയ ഇന്ത്യയുടെ ആദ്യ ഓവറില്‍ തന്നെ മഴ വീണ്ടുമെത്തി. നേരത്തെ മഴമൂലം മത്സരം ആരംഭിക്കാനും വൈകിയിരുന്നു. ഇതോടെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓവര്‍ പുനര്‍നിശ്ചയിക്കുകയായിരുന്നു.
മോശം തുടക്കമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്. ശുഭ്മന്‍ ഗില്ലിന് പകരം ഓപ്പണിങ്ങിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. താരം നേരിട്ട ആദ്യപന്തില്‍ തന്നെ പുറത്തായി.
മഹീഷ് തീക്ഷ്ണയാണ് സഞ്ജുവിനെ ക്ലീന്‍ ബൗള്‍ഡാക്കിയത്. തുടര്‍ന്ന് ക്രീസിലൊരുമിച്ച സൂര്യകുമാര്‍-ജയ്‌സ്‌വാള്‍ സഖ്യം 39 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ലങ്കയെ എറിഞ്ഞിട്ട് ബിഷ്‌ണോയി; ഇന്ത്യയ്ക്ക് മുന്നില്‍ ഭേദപ്പെട്ട വിജയലക്ഷ്യം
12 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 26 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മതീഷ പതിരാന പുറത്താക്കി.
അഞ്ചാം ഓവറില്‍ നായകന്‍ കൂടാരം കയറിയെങ്കിലും ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു.
വിജയത്തിനരികെ ജയ്‌സ്വാളിനും മടങ്ങേണ്ടിവന്നു. 15 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 30 റണ്‍സെടുത്ത് ടോപ് സ്‌കോററായാണ് ജയ്‌സ്‌വാളിന്റെ മടക്കം.
തുടര്‍ന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയും (22) റിഷഭ് പന്തും (2) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷ്ണ, മതീഷ പതിരാന, വനിന്ദു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.