ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തങ്ങളുടെ അവകാശമായി പറയാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം തുല്യതാ തത്വം ലംഘിക്കപ്പെടുമ്പോൾ മാത്രമേ പ്രമോഷൻ നയങ്ങളിൽ കോടതിയുടെ ഇടപെടൽ ഉണ്ടാവുകയുള്ളുവെന്നും സുപ്രീംകോടതി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സ്ഥാനക്കയറ്റം നൽകുന്ന തസ്തികയുടെ സ്വഭാവവും പ്രവർത്തനവും ആവശ്യകതകളും കണക്കിലെടുത്ത് നിയമനിർമ്മാണ സഭയ്ക്കും എക്‌സിക്യൂട്ടീവിനും സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഗുജറാത്തിലെ ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിലാണ് കോടതിയുടെ നിരീക്ഷണം.
”ഇന്ത്യയിൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അവരുടെ അവകാശമായി പറയാൻ കഴിയില്ല, കാരണം സ്ഥാനക്കയറ്റ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിനുള്ള മാനദണ്ഡം ഭരണഘടന നിർദേശിക്കുന്നില്ല. ജോലിയുടെ സ്വഭാവത്തെയും പ്രവർത്തനങ്ങളെയും അടിസ്ഥാനമാക്കി പ്രൊമോഷണൽ തസ്തികകളിലേക്കുള്ള ഒഴിവുകൾ നികത്തുന്നതിനുള്ള രീതി നിയമനിർമാണ സഭയ്ക്കോ എക്‌സിക്യൂട്ടീവിനോ തീരുമാനിക്കാം” എന്നാണ് കോടതി വ്യക്തമാക്കിയത്. സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡമായുള്ള സീനിയോറിറ്റിയും കഴിവും തസ്തികളുടെ സ്വഭാവമനുസരിച്ച് വ്യത്യസ്തമായിരിക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
Read Also: അമലയിലെ മാലാഖമാർക്ക് അഭിമാനിക്കാം; കെഎസ്‌ആർടിസി ബസിൽ ജനിച്ച കുട്ടിക്ക് അമലയെന്ന് പേരിട്ടു