അനില സുകുമാരൻ
ന്യൂഡല്‍ഹി: തൃശൂര്‍ വടക്കേകാട് കപ്ലിയങ്ങാട് ദേവി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കം താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. ക്ഷേത്രത്തിലേക്ക് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ച മലബാര്‍ ദേവസ്വം ബോർഡിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ കപ്ലിയങ്ങാട് ദേവി ക്ഷേത്രത്തിന്റെ മാനേജിങ് ട്രസ്റ്റി എം. ദിവാകരന്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
സ്വകാര്യ ക്ഷേത്രമാണ് കപ്ലിയങ്ങാട് ദേവി ക്ഷേത്രമെന്ന് മാനേജിങ് ട്രസ്റ്റിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.എന്‍. രവീന്ദ്രനും അഭിഭാഷകന്‍ പി.എസ്. സുധീറും സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസ് സിവില്‍ കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് അനുകൂലമായ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി. ഭട്ടി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് സ്റ്റേ ചെയ്ത് ഉത്തരവിടുകയായിരുന്നു. കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
കഴിഞ്ഞ ദിവസം കപ്ലിയങ്ങാട് ഭഗവതീക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് ശ്രമം നടത്തിയിരുന്നു. പുലർച്ചെ അഞ്ചിന് ഇരുനൂറിലധികം പോലീസുകാരോടു കൂടിയാണ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ എത്തിയത്. വിവരമറിഞ്ഞ് ക്ഷേത്രത്തിൽ സ്ത്രീകളടക്കം നൂറോളം ഭക്തർ തമ്പടിച്ചിരുന്നു. ഭക്തരുടെ നാമജപ പ്രതിഷേധത്തെത്തുടർന്ന് സമവായ ചർച്ചയ്ക്ക് ഉദ്യോഗസ്ഥർ തയ്യാറായി.
ഗുരുവായൂർ എ.സി.പി. സുന്ദരൻ, വടക്കേക്കാട് എസ്.എച്ച്.ഒ. ആർ. ബിനു, ദേവസ്വം ബോർഡ് എക്‌സിക്യുട്ടീവ് ഓഫീസർ അജിൻ ആർ. ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്. 1993 മുതൽ തങ്ങളുടെ പട്ടികയിലുള്ളതാണ് കപ്ലിയങ്ങാട് ഭഗവതീക്ഷേത്രമെന്നും ഇവിടത്തെ ഭരണസമിതി സാമ്പത്തികക്രമക്കേടുകൾ നടത്തിയതായി പരാതി ലഭിച്ചതിനാലാണ് ക്ഷേത്രം ഏറ്റെടുക്കുന്നതെന്നുമാണ് ദേവസ്വം ബോർഡിന്റെ വാദം. 2021-ലാണ് ഇതുസംബന്ധിച്ച് നടപടികൾ ആരംഭിച്ചത്.
ദേവസ്വം ബോർഡ് നോട്ടീസ് അയച്ചപ്പോൾ ക്ഷേത്ര ട്രസ്റ്റി മനക്കുളം കുടുംബം അവകാശത്തിനായി ഹർജി നൽകി. ക്ഷേത്രം നിൽക്കുന്ന 28 സെന്റ് സ്ഥലത്തിന്റെ അവകാശത്തിനായാണ് ഇപ്പോൾ കേസ് നടക്കുന്നത്. കേസിൽ ആചാരപരമായ കാര്യങ്ങളിൽ മാത്രമേ ട്രസ്റ്റിക്ക് അധികാരമുള്ളൂവെന്നും എക്‌സിക്യുട്ടീവ് ഓഫീസർ ചുമതയേൽക്കുന്നതിൽ തടസ്സമില്ലെന്നും കോടതി ഉത്തരവായി. ഇതിനെതിരേ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാൻ എത്തിയതെന്ന് എക്‌സിക്യുട്ടീവ് ഓഫീസർ പറഞ്ഞു.
അതേസമയം ക്ഷേത്രത്തിലേക്കുള്ള വഴി, കീഴ്‌ക്കാവ് ക്ഷേത്രം, ഊട്ടുപുര എന്നിവ ഉൾപ്പെടുന്ന 35 സെന്റ് ഭക്തരുടെ സഹകരണത്തിലാണ് ക്ഷേത്രകമ്മിറ്റി വാങ്ങിയത്. ക്ഷേത്രത്തിലെ നിലവിലെ ഭരണസമിതിയുടെ പേരിലാണ് ഈ ഭൂമികളുള്ളത്. 1943-ലാണ് ക്ഷേത്രം നാട്ടുകാർക്ക് വിട്ടുകൊടുത്തതെന്നാണ് പറയപ്പെടുന്നത്. അക്കാലത്ത് ഓലവെച്ച് മറച്ച് ഷെഡ്ഡ് മാത്രമാണുണ്ടായിരുന്നത്.