- പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!
ലഖ്നൗ: അന്ധവിശ്വാസത്തിന്റെ പേരിൽ കൗമാരക്കാരന്റെ ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവം ഉത്തർ പ്രദേശ്യിലെ അമ്രോഹയിൽ റിപ്പോർട്ട് ചെയ്തു. പാമ്പുകടിയേറ്റ 13കാരനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കാതെ മന്ത്രവാദിയുടെ നിർദേശപ്രകാരം ഗംഗാനദിയിൽ മുളയിൽ കെട്ടി കിടത്തിയതോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അമ്രോഹ ജില്ലയിലെ ആദംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിഷം ഇറങ്ങുമെന്ന തെറ്റായ വിശ്വാസത്തിൽ കുടുംബം കുട്ടിയെ മുളവടികളിൽ കെട്ടി മണിക്കൂറുകളോളം നദിയിൽ മുക്കി വച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.
ഏകദേശം 12 മണിക്കൂറോളം യാതൊരു വൈദ്യസഹായവും ലഭിക്കാതെ നദിയിൽ കിടന്ന കുട്ടി പിന്നീട് അനങ്ങാതായതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ അപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു.
സംഭവം കൂടുതൽ വിവാദമായത്, മരണത്തിന് പിന്നാലെ മൃതദേഹം നദിയിലേക്ക് തള്ളാൻ ശ്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ്. കുട്ടിയെ കെട്ടിയ നിലയിൽ നദിയിൽ മുക്കി നിർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ശക്തമായ പ്രതിഷേധം ഉയർന്നു.
സംഭവസമയത്ത് നിരവധി പേർ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും, കുട്ടിയുടെ നില ഗുരുതരമായിരിക്കെ വിഷം ഇറങ്ങുന്നുവോ എന്ന് നോക്കി നിന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്ധവിശ്വാസത്തിന്റെ പേരിൽ നടന്ന ഈ ക്രൂര സംഭവം സമൂഹത്തിൽ വലിയ ചര്ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.
English Summary
A tragic incident of superstition has shocked Uttar Pradesh, where a 13-year-old boy died after being tied and submerged in the Ganges River instead of receiving medical treatment for a snakebite.









