വാഷിംഗ്ടൺ: ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാറിനെ തുടര്‍ന്ന് ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും മടക്കയാത്ര ഈ വർഷം പ്രതീക്ഷിക്കണ്ട.Sunita Williams’ journey back is not easy
ഇരുവരും അടുത്ത വർഷമാണ് ഭൂമിയിൽ തിരിച്ചെത്തുക. 2025 ഫെബ്രുവരിയിലാകും മടക്കയാത്ര.
ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ തിരിച്ചുകൊണ്ടുവരാനാണ് നാസയുടെ തീരുമാനം. സ്പേസ് എക്സിന്റെ ക്രൂ 9 ദൗത്യ സംഘങ്ങൾക്കൊപ്പം ഡ്രാഗൺ പേടകത്തിലാണ് സുനിതയെയും ബുച്ചിനെയും തിരിച്ചുകൊണ്ടുവരിക.
സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകിയാണ് സ്റ്റാർലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അറിയിച്ചു.
ഈ വർഷം ജൂൺ ആറിനാണ് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്.
ഒരാഴ്ചയ്ക്കകം മടങ്ങാനായിരുന്നു പദ്ധതി എന്നാൽ വിക്ഷേപണത്തിന് പിന്നാലെ സ്റ്റാർലൈനർ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ചയാണ് ദൗത്യത്തെ പ്രതിസന്ധിയിലാക്കിയത്.
ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയണിത്. 2006 ഡിസംബര്‍ ഒമ്പതിനാണ് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്ര നടത്തിയത്.
തുടര്‍ന്ന് 2012ല്‍ അവര്‍ രണ്ടാമത്തെ യാത്ര നടത്തി. നാസയുടെ കണക്കുപ്രകാരം അവര്‍ ബഹിരാകാശത്ത് 322 ദിവസം ചിലവഴിച്ചിട്ടുണ്ട്. ഏഴ് ബഹിരകാശനടത്തത്തിലൂടെ 50 മണിക്കൂര്‍ 40 മിനുട്ട് ചിലവഴിച്ച ആദ്യ വനിത ബഹിരാകാശ യാത്രിക എന്ന റെക്കോര്‍ഡും സുനിതക്ക് സ്വന്തമാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ജുലാസാനില്‍ ജനിച്ച സുനിത പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.









