കായലിലെ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഘനലോഹ മാലിന്യങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പുതിയ പഠനം. വ്യവസായ മേഖലയിൽനിന്ന് തള്ളുന്ന മാലിന്യങ്ങളാണ് ഈ ഭീഷണി സൃഷ്ടിക്കുന്നതെന്നും മത്സ്യവിഭവങ്ങളിലെ ഉയർന്ന കാഡ്മിയം സാന്നിദ്ധ്യവും ഇവയുടെ ദീർഘകാല ഉപയോഗവും ക്യാൻസറിന് കാരണമായേക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നുണ്ട്.
കായൽജലത്തിലും അടിത്തട്ടിലെ മണ്ണിലും മത്സ്യങ്ങളിലും സിങ്കിന്റെ അളവ് കൂടുതലാണ്. സിങ്ക്, കാഡ്മിയം,ക്രോമിയം ഉൾപ്പെടെ വിവിധലോഹങ്ങൾ വിഷാംശ പരിധി കവിഞ്ഞ് കാണപ്പെടുന്നതായും പഠനത്തിൽ പറയുന്നു. കായലിൽ സാധാരണയായി കാണപ്പെടുന്ന മണങ്ങ്, കായൽകട്‌ല, കരിമീൻ, പൂളമീൻ, നച്ചുകരിമീൻ, ചുണ്ടൻകൂരി, കരിപ്പെട്ടി, കണമ്പ്, പൂഴാൻ, പാര, കാരച്ചെമ്മീൻ, കാവാലൻ ഞണ്ട്, കറുത്തകക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ ജലജീവികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.
കുസാറ്റ് സീനിയർ പ്രൊഫസറും കണ്ണൂർ സർവകലാശാല വി.സിയുമായ ഡോ. എസ്. ബിജോയ് നന്ദന്റെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ കായലിലെ വെള്ളം, എക്കൽ മണ്ണ്, മത്സ്യവിഭവങ്ങൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന ഘനലോഹങ്ങളുടെ തോത് വിലയിരുത്തി. പഠനം ടോക്‌സിക്കോളജി ആൻഡ് എൻവിറോൺമെന്റൽ ഹെൽത്ത് സയൻസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read Also: രണ്ട് ദിവസം നഗ്നനാക്കി മർദ്ദിച്ചു; സിദ്ധാർത്ഥിന്‍റെ മരണത്തിൽ സിബിഐ പറയുന്നത് ഇങ്ങനെ