കൊച്ചി: ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം പഠന വിഷയമായി ഉള്‍പ്പെടുത്തി എറണാകുളം മഹാരാജാസ്. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ഇരുവരെയുടെയും ജീവിതം പഠനവിഷയമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലെ വനിതാ അംഗവും മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ ദാക്ഷായണി വേലായുധൻ പട്ടികജാതിക്കാരില്‍ നിന്നുള്ള ആദ്യ ബിരുദധാരിയാണ്. സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ വിജയിച്ച ആദ്യത്തെ ദലിത് വനിത കൂടിയാണ്.
മഹാരാജാസ് കോളജിന്റെ മുന്‍വശത്തെ ഫ്രീഡം മതിലില്‍ നേരത്തെ തന്നെ ദാക്ഷായണി വേലായുധന്റെ ഛായാചിത്രം ഇടം പിടിച്ചിട്ടുണ്ട്.
ഈ അധ്യയന വര്‍ഷം മുതല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൈനര്‍ പേപ്പറിലെ കൊച്ചിയുടെ പ്രാദേശിക ചരിത്രത്തിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതം ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ചരിത്ര വിഭാഗം മേധാവി ഡോ. സഖറിയ തങ്ങള്‍ വ്യക്തമാക്കി.
ദാക്ഷായണി വേലായുധനു പുറമെ മഹാരാജാസിലെ മറ്റൊരു പൂര്‍വ വിദ്യാര്‍ത്ഥിയായ നടന്‍ മമ്മൂട്ടിയും സിലബസില്‍ ഇടംപിടിച്ചിട്ടുണ്ട്.
രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മമ്മൂട്ടിയുടെ ജീവിതം കൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവർക്ക് പുറമെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മൈനര്‍ പേപ്പറിലെ ചിന്തകന്മാരും സാമൂഹിക പരിഷ്‌കര്‍ത്താക്കളും എന്ന ഭാഗത്ത് മലയാള ഭാഷാ പണ്ഡിതനും മിഷണറിയുമായ അര്‍ണോസ് പാതിരി, കൊച്ചിയിലെ ജൂത വിഭാഗത്തില്‍പ്പെട്ട പരിഷ്‌കര്‍ത്താക്കളായ എബ്രഹാം സലേം, എസ് എസ് കോഡര്‍, ആലുവയില്‍ മുസ്ലിങ്ങള്‍ക്കായി കോളജ് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയ ഹമദാനി തങ്ങള്‍ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
കൂടാതെ വനിതകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും മപ്രയത്‌നിച്ച തപസ്വിനിയമ്മ, കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ വനിത വക്കീല്‍ ഫാത്തിമ റഹ്മാന്‍, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി എസ് വേലായുധന്‍ എന്നിവരെയും ഈ വർഷത്തെ സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Summary: Ernakulam Maharaja’s College includes the life stories of Dakshayani Velayudhan and actor Mammootty as study topics in the BA History (Honours) syllabus.