ഗവ. കോളജ് ശുചിമുറിയിൽ വിദ്യാർഥിനി പ്രസവിച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ചവറ്റുകുട്ടയിൽ തള്ളി. തഞ്ചാവൂർ കുംഭകോണത്ത് ആണ് സംഭവം. തിരുവാരൂർ ജില്ലയിലെ ബന്ധുവായ 27കാരനായ യുവാവുമായി പ്രണയത്തിലായിരുന്നതായി വിദ്യാർഥിനി വെളിപ്പെടുത്തി. വിദേശത്തുള്ള യുവാവുമായി പൊലീസ് സംസാരിച്ചപ്പോൾ, വിവാഹം കഴിക്കാനായി ഉടൻ നാട്ടിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. Student gives birth in bathroom
അമിത രക്തസ്രാവം മൂലം വെള്ളിയാഴ്ച വൈകീട്ട് വിദ്യാർഥിനി ക്ലാസ് മുറിയിൽ ബോധരഹിതയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉടൻ ആംബുലൻസിൽ ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയെ പരിശോധിച്ചപ്പോൾ ഡോക്ടർമാർ കുഞ്ഞിന് ജന്മം നൽകിയ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ആശപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. കോളജ് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത്. ചവറ്റുകുട്ടയിൽ കണ്ട പെൺകുഞ്ഞിനെ കുംഭകോണം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനിയും ഇതേ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.