മലപ്പുറം: സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് ലോറിക്കടിയിൽ പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം എടവണ്ണയിൽ ആണ് സംഭവം. ആര്യൻ തൊടി സ്വദേശി ഹനീൻ അഷ്‌റഫ് ആണ് മരിച്ചത്.
പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ വിദ്യാർഥി ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ലോറിക്കടിയിലേക്ക് വീണ വിദ്യാർഥി തൽക്ഷണം മരിച്ചു.
ബൈക്ക് ഓടിച്ചിരുന്ന കാരക്കുന്ന് സ്വദേശി നാജിത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ബംഗളൂരുവിൽ അപ്പാർട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ബംഗളൂരു: ബംഗളൂരുവിൽ അപ്പാർട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് മലയാളി വിദ്യാർഥിനി മരിച്ചു.
കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിന്റെ മകൾ അൻവിത (18)യാണ് മരിച്ചത്.
വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്മെന്റിൽ ആണ് പെൺകുട്ടി താമസിച്ചിരുന്നത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ് അൻവിത.
സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മതാവ്: വിനി. സഹോദരൻ: അർജുൻ.
ആൻസിയുടെ മരണം അജ്ഞാത വാഹനം ഇടിച്ചല്ല
വാളയാർ: കോളേജിൽ ഓണാഘോഷത്തിനായി പോകുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ കോളജ് അധ്യാപിക ഡോ.എൻ.എ.ആൻസി (36) മരിച്ചത് അജ്ഞാത വാഹനം ഇടിച്ചല്ലെന്നു പൊലീസ് കണ്ടെത്തൽ.
സ്കൂട്ടറിൽ പോവുകയായിരുന്ന ആൻസിയെ അജ്ഞാതവാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്നിരുന്നത്.
എന്നാൽ സ്കൂട്ടർ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സർവീസ് റോഡിലേക്കു തെറിച്ചുവീണെന്നുമാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നു പൊലീസ് വ്യക്തമാക്കി.
ആൻസിയുടെ ബന്ധുക്കളുടെ നിർദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതു പൂർത്തിയാകുമ്പോഴേ അപകടകാരണം സംബന്ധിച്ചു കൂടുതൽ വ്യക്തത വരികയുള്ളുവെന്നും വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് അറിയിച്ചു.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ആൻസിയുടെ സ്കൂട്ടർ ഇന്നലെ രാവിലെ 10.50നു കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംക്‌ഷനു സമീപമാണ് അപകടത്തിൽപ്പെട്ടത്.
ആൻസിയെ അജ്ഞാത വാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യനിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സ്കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങൾ ഉണ്ടായിരുന്നില്ലെന്നു കണ്ടെത്തി.
റോഡിലേക്കു തെറിച്ചുവീണ ഇവരുടെ വലതുകൈ വേർപെട്ട നിലയിലായിരുന്നു കിടന്നിരുന്നത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട് സ്റ്റേഡിയം റോഡ് മാങ്കാവ് വീട്ടിൽ ആന്റണി നീലങ്കാവിന്റെയും പരേതയായ ബേബിയുടെയും മകളാണ് ആൻസി.
കൊച്ചിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ, പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് ആലുക്കാപറമ്പിൽ വിപിൻ ആണ് ഭർത്താവ്.
ഓസ്റ്റിൻ, ആൽസ്റ്റൺ എന്നിവരാണു മക്കൾ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സംസ്കാരം ഇന്ന് 4.30നു ചക്കാന്തറ സെന്റ് റാഫേൽസ് കത്തീഡ്രൽ സെമിത്തേരിയിൽ.