വിദ്യാർത്ഥി കൺസഷൻ ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക കെഎസ്ആർടിസി പ്രസിദ്ധീകരിച്ചു. സ്ഥാപനങ്ങളുടെ ലോഗിൻ ക്രിയേറ്റ് ചെയ്ത പട്ടിക പ്രസിദ്ധീകരിച്ചെന്ന് കെഎസ്ആർടിസി അറിയിച്ചു. https://www.concessionksrtc.com/ എന്ന വെബ്സൈറ്റിൽ കയറിയാൽ പട്ടിക കാണാം.
പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ സ്കൂള്‍ / കോളജ് ലോഗിൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പട്ടികയിൽ നൽകിയിട്ടുള്ള ലോഗിൻ ഐഡി (ലിസ്റ്റിൽ ഉള്ള സ്‌കൂളിന്റെ ഇ-മെയിൽ വിലാസം ) ഉപയോഗിക്കണം. ഫോർഗോട്ട് പാസ്‍വേഡ് മുഖേന പാസ്‍വേർഡ് റീസെറ്റ് ചെയ്ത് സ്‌കൂളിന്റെ ഇ മെയിലിൽ ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിച്ച് തുടർനടപടികൾ പൂർത്തിയാക്കാവുന്നതാണ്.
പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത സ്കൂളുകളും കോളേജുകളും മറ്റ് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്കൂള്‍ രജിസ്ട്രേഷൻ / കോളജ് രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. കെഎസ്ആർടിസിയുടെ ഹെഡ് ഓഫീസിൽ നിന്നും അനുമതി എസ് എം എസ് / ഇ മെയിൽ അറിയിപ്പ് ലഭിച്ചതിന് ശേഷം സ്ഥാപനങ്ങൾക്ക് ലോഗിൻ ചെയ്ത് പോർട്ടലിൽ പ്രവേശിച്ച് തുടർ നടപടികൾ പൂർത്തിയാക്കാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റു വിവരങ്ങൾക്കും keralaconcession@gmail.com എന്ന ഇ – മെയിലിൽ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റിയത്. ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപേക്ഷ അംഗീകരിച്ചതായി എസ് എം എസ് ലഭിക്കും. എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും. തുക അടച്ചാൽ ഏത് ദിവസം കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ് എം എസ് വഴി അറിയാം.
ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാനും സൗകര്യമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി പ്രസ്തുത വെബ്സൈറ്റിൽ തന്നെ അപ്പീൽ ആപ്ലിക്കേഷൻ എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. സ്വന്തമായോ ജനസേവന കേന്ദ്രങ്ങൾ മുഖേനയോ വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
Read More: കാൽവഴുതി കുളത്തിൽ വീണ അനിയനെ രക്ഷിക്കാൻ ജ്യേഷ്ഠനും ചാടി; കൊട്ടിയത്ത് സഹോദരങ്ങൾക്ക് ദാരുണാന്ത്യം