കൊച്ചി: അങ്കമാലിയിൽ വീടിനുള്ളിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പൊള്ളലേറ്റു. അങ്കമാലി എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ(48) മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്. വീടിനുള്ളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇടിമിന്നലേൽക്കുകയായിരുന്നു.(struck by lightning; Three people were burnt in Angamali)
ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
ഷൈജനും കുടുംബവും എടത്തോട് വാടക വീട്ടിലാണ് താമസിക്കുന്നത്. ഇടിമിന്നലേറ്റ് വീട്ടിലെ ഗൃഹോപകരണങ്ങൾക്കും കനത്ത നഷ്ടം സംഭവിച്ചു. ഫ്രിഡ്ജ്, മൂന്ന് ഫാൻ, സ്റ്റെബിലൈസർ എന്നിവയാണ് നശിച്ചത്. മെയിൻ സ്വിച്ചിന് തീ പിടിക്കുകയും ചെയ്തിട്ടുണ്ട്.