ന്യൂഡൽഹി: തെരുവ് നായ്ക്കൾ കാൽനട യാത്രക്കാർക്ക് ഭീഷണിയാണെന്ന് ഡൽഹി ഹൈക്കോടതി. നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ആളുകൾ ശ്രദ്ധ പുലർത്തണമെന്നും കോടതി പറഞ്ഞു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണ്. എന്നാൽ ഇതുവഴി ഭക്ഷണം കണ്ടെത്താനുള്ള അവയുടെ ശേഷി ഇല്ലാതാക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
18 മാസം പ്രായമുള്ള മകളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വാനുകളിൽ വന്ന് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നവരുണ്ട്. നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നല്ല കാര്യമാണ്. എന്നാൽ ഭക്ഷണം കണ്ടെത്താനുള്ള അവയുടെ ശേഷിയെ ഇല്ലാതാക്കുകയാണ് ഇവരെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് ചൂണ്ടിക്കാട്ടി.
ഭക്ഷണം ലഭിക്കുന്നതോടെ നായ്ക്കൾ ആ പ്രദേശം വിട്ട് പോകാതെ അവിടെ തന്നെ തുടരും. കാൽനടയാത്രക്കാർക്ക് അവ ഭീഷണിയായി മാറുകയാണ്. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ ശ്രദ്ധിക്കണമെന്നും ജസ്റ്റിസ് പ്രസാദ് അഭിപ്രായപ്പെട്ടു. നായ്ക്കളെ വന്ധ്യംകരിക്കണം. ഇത്തരം നായ്ക്കൾക്ക് വാക്സിനേഷൻ നൽകാത്തതാണ് കടിയേറ്റ് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാനുള്ള മറ്റൊരു കാരണമെന്നും കോടതി പറഞ്ഞു.
ഡൽഹി സർക്കാർ, ഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻഡിഎംസി), ഡൽഹി പൊലീസ് എന്നിവരോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിച്ച് 10 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നിർദ്ദേശം. ഹർജി ഈ മാസം 13 ന് വീണ്ടും പരിഗണിക്കും.