തൃശൂര്‍: വനിത ദന്തഡോക്ടര്‍ക്ക് തെരുവ് നായ്ക്കളുടെ ആക്രമണം. മാള അഷ്ടമിച്ചിറയിലാണ് സംഭവം. അഷ്ടമിച്ചിറ സ്വദേശിയായ പാര്‍വതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.(Stray dogs attacked female dentist)
ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ ഓയില്‍ പമ്പിന് സമീപത്തുവെച്ചാണ് പാർവതിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. പമ്പിന്റെ പിന്‍വശത്താണ് പാര്‍വതിയുടെ വീട്. ഉച്ചയ്ക്ക് ക്ലിനിക്കില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പോവുന്ന സമയത്താണ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് പാര്‍വതിയെ ആക്രമിച്ചത്. നായ്ക്കള്‍ വരുന്നത് കണ്ടു ഭയന്ന പാര്‍വതി പുറകോട്ട് വീണു. തുടർന്ന് വീണുകിടന്നിരുന്ന ഡോക്ടറെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
അക്രമണത്തിൽ രണ്ടു തുടകളിലും കൈകളിലും കടിയേറ്റിട്ടുണ്ട്. വീഴ്ചയില്‍ ഡോക്ടറുടെ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. തക്ക സമയത്ത് പമ്പിലെ ജീവനക്കാര്‍ വന്നതിനാലാണ് തനിക്ക് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് പാര്‍വതി പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.









