ആലപ്പുഴ: മാന്നാറിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. കഴിഞ്ഞ ദിവസം തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ തെരുവ് നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. മാന്നാർ പഞ്ചായത്ത് 16-ാം വാർഡിൽ കുട്ടംപേരൂർ പ്രശാന്തി വർഷിണിയിൽ ക്ഷീരകർഷകനായ സജീവിന്റെ 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കൾ കടിച്ചുകീറിയത്.(Stray dog attack in mannar, alappuzha)
ഇന്നലെ പുലർച്ചെ 2.30 ഓടെയാണ് സംഭവം. വീടിന് പുറത്ത് ബഹളം കേട്ട് സജീവ് പുറത്തിറങ്ങിയപ്പോഴേക്കും പശു കിടാവിനെ നായ്ക്കൾ കടിച്ചു കീറിയിരുന്നു. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ ജനങ്ങളും ഭീതിയിലാണ്. മാന്നാർ ടൗണിൽ മാർക്കറ്റ് ജംഗ്ഷൻ, പോസ്റ്റോഫീസ് ജംഗ്ഷൻ, പൊലീസ് സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്.
തൃക്കുരട്ടി അമ്പലത്തിനു കിഴക്കുവശം, തന്മടിക്കുളത്തിന്റെ കരകൾ, കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് പാലം, ആശുപത്രി ജംഗ്ഷന് പടിഞ്ഞാറ് ഭാഗം, കുറ്റിമുക്ക്, പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിലും പകലും രാത്രിയും തെരുവ് നായ്ക്കൂട്ടങ്ങൾ തമ്പടിക്കുന്നുണ്ട്.