ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ തെരുവുനായയുടെ ആക്രമണം. ഫ്രഞ്ച് വനിതയ്ക്ക് കടിയേറ്റു. കെസ്‌നോട്ട് (55) എന്ന വനിതയെയാണ് ഇന്നലെ തെരുവുനായ ആക്രമിച്ചത്.
രണ്ടു കാലിനും കടിയേറ്റ ഇവരെ ബീച്ചിലെ ലൈഫ് ഗാർഡ് സി.എ.അനിൽകുമാർ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചു. കടിയേറ്റ് ഓടി മാറാൻ ശ്രമിച്ചപ്പോഴാണ് രണ്ടാമത്തെ കാലിലും കടിച്ചത്. കരച്ചിൽ കേട്ട് ലൈഫ് ഗാർഡുമാർ ഓടിയെത്തിയാണു ഇവരെ രക്ഷിച്ചത്.
ഇന്നലെ രാവിലെ 11.45ന് വിജയ് ബീച്ചിനു വടക്കു ഭാഗത്തുവച്ചായിരുന്നു ആക്രമണം ഉണ്ടായത്. നിലവിൽ ഇവർക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കുകയാണ്.
അതേസമയം മാവേലിക്കരയിൽ നൂറോളം പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. മൂന്നു വയസുകാരി ഉൾപ്പെടെ 77 മനുഷ്യരെയും നിരവധി വളർത്തുമൃഗങ്ങളെയും കടിച്ച തെരുവ് നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതൽ അക്രമാസക്തനായി ആളുകളെ കടിച്ച തെരുവ് നായയെ ഞയറാഴ്ച്ച ചത്തനിലയിൽ കണ്ടെത്തിയിരുന്നു. നാട്ടുകാർ ചേർന്ന് കുഴിച്ചിട്ട തെരുവ്നായയെ നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.