ലോകത്തെ തന്നെ പ്രമുഖ കോഫി ശൃംഖലയായ സ്റ്റാർബക്സ് പുതിയ കഴിവിനെ തേടുന്നു. ഏകദേശം 3.08 കോടി രൂപ (360,000 ഡോളർ) വരെ വാർഷിക ശമ്പളം ലഭിക്കുന്ന ജോലിയാണ് കമ്പനി ഓഫർ ചെയ്യുന്നത്. എന്നാൽ ഈ ജോലി ആകാശത്താണ്, അതായത്, സ്റ്റാർബക്സ് ഇപ്പോൾ പൈലറ്റിനെയാണ് നിയമിക്കുന്നത്.
യോഗ്യതകൾ ഇങ്ങനെയാണ്. എയർലൈൻ ട്രാൻസ്പോർട്ട് പൈലറ്റ് സർട്ടിഫിക്കറ്റ്, ഫസ്റ്റ് ക്ലാസ് മെഡിക്കൽ സർട്ടിഫിക്കറ്റ്, സാധുവായ പാസ്‌പോർട്ട്, എഫ്‌സിസി റെസ്‌ട്രിക്റ്റഡ് റേഡിയോ ഓപ്പറേറ്റർ പെർമിറ്റ് എന്നിവ അപേക്ഷകർക്ക് ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
ഈ ജോലിക്ക് കർശനമായ ഫ്ലൈയിങ് പശ്ചാത്തലം നിർബന്ധമാണ്. കോർപ്പറേറ്റ് ഫ്ലൈറ്റ് ഡിപ്പാർട്ട്‌മെന്റിൽ ക്യാപ്റ്റനായി 5 വർഷത്തിലധികം പ്രവർത്തിച്ചുള്ള പരിചയം, കൂടാതെ 5,000 മണിക്കൂർ മൊത്തം ഫ്ലൈറ്റ് ടൈം എന്നിവയും പ്രധാന യോഗ്യതകളാണ്.
കമ്പനിയുടെ ആവശ്യത്തിനായി ക്യാപ്റ്റൻ–പൈലറ്റ്–ഇൻ–കമാൻഡിനെയാണ് ആവശ്യം. നിയുക്ത വിമാനത്തിന്റെ ഫ്ലൈറ്റിനെയും ജീവനക്കാരെയും നിയന്ത്രിക്കുക, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവയാണ് പ്രധാനമായും ഈ ജോലിയിലെ ഉത്തരവാദിത്തങ്ങൾ.
അപേക്ഷകർക്ക് മികച്ച ഉപഭോക്തൃ സേവന വൈദഗ്ദ്ധ്യവും ഉയർന്ന പ്രഫഷനലിസവും ഉണ്ടായിരിക്കണം. കാരണം സ്റ്റാർബക്സിലെ ഏറ്റവും ഉയർന്ന എക്സിക്യൂട്ടീവ് തലത്തിലുള്ള വ്യക്തികളുമായി ഇവർക്ക് പതിവായി ഇടപെടേണ്ടിവരും. ആഴ്ചയിൽ പല ദിവസങ്ങളിലും കലിഫോർണിയയിലെ വീട്ടിൽ നിന്ന് 1,000 മൈലിലധികം യാത്ര ചെയ്ത് സിയാറ്റിലിലെ സ്റ്റാർബക്സ് ആസ്ഥാനത്തേക്ക് എത്താറുണ്ട്.
സ്റ്റാർബക്സ് സിഇഒ ബ്രയാൻ നിക്കോൾ ഈ വിമാനത്തിലെ പ്രധാന യാത്രക്കാരിൽ ഒരാൾ. കൂടാതെ യാത്രക്കാരുടെ ലഗേജ് കൈകാര്യം ചെയ്യുന്നതിലും സഹായിക്കേണ്ടിവരും. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കമ്പനിയുടെ ആഭ്യന്തര, രാജ്യാന്തര തലങ്ങളിലെ പ്രതിനിധിയായിരിക്കും. ഈ ജോലിയുടെ പ്രതിഫലം ഒരു സാധാരണ സ്റ്റാർബക്സ് ജീവനക്കാരന്റെ വാർഷിക വരുമാനത്തേക്കാൾ 10 മടങ്ങ് അധികമാണ്.