തിരുവനന്തപുരം:എന്നുവരെ ഇങ്ങനെ തെരുവിലിരിക്കേണ്ടി വരുമെന്ന് ഒരുറപ്പുമില്ല- ഇതു പറയുമ്പോൾ ആശ വർക്കറായ ശ്രീലതയുടെ ശബ്ദമിടറി…
ക്ഷയരോഗിയായ ഭർത്താവ് മരിച്ച് മൂന്നു മാസം തികയും മുൻപ് ഈ നടപ്പാതയിലിരുന്ന് സമരം ചെയ്യേണ്ടി വന്നത് ഗതികേടു കൊണ്ടു മാത്രമാണ്.
ശ്രീലതയുടെ25 വയസുള്ള മകൻ അപസ്‌മാര രോഗിയാണ്. പ്ളസ് ടു വരെയേ പഠിച്ചിട്ടുള്ളെങ്കിലും എന്തെങ്കിലും പണി ചെയ്ത് അവൻ കുടുംബം പോറ്റുമായിരുന്നു എന്ന് ശ്രീലത പറഞ്ഞു. പക്ഷേ രോഗിയായ എന്റെ കുഞ്ഞിന് ഭാരപ്പെട്ട പണികളൊന്നും ചെയ്യാനാവില്ല…
ജോലിക്കായി അവനെ ദൂരേയ്ക്ക് പറഞ്ഞയ്ക്കാനുമാവില്ല. സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാവർക്കർമാരിലൊരാളാണ് കവടിയാർ ഭഗവതി നഗർ സ്വദേശിനിയായ ശ്രീലത.
ഒന്നര സെന്റിലെ വീട്ടിലാണ് ഞാനും മോനും 21 വയസുള്ള മോളും കഴിയുന്നത്. ഏഴായിരം രൂപയാണ് ഓണറേറിയം ലഭിക്കുന്നത്. അതും നാലും അഞ്ചും മാസം കൂടുമ്പോഴേ ലഭിക്കുകയുള്ളു.
രണ്ടായിരം രൂപ ഇൻസെന്റീവ് കിട്ടണമെങ്കിലും മാസങ്ങൾ കാത്തിരിക്കേണ്ടി വരും. തലയ്ക്ക് മുകളിൽ കടമാണ്. ഭർത്താവ് മണികണ്‌ഠൻ ക്ഷയരോഗം ബാധിച്ച് മൂന്നു മാസം മുൻപ് മരണത്തിന് കീഴടങ്ങുമ്പോൾ ലക്ഷങ്ങളുടെ കടബാദ്ധ്യത ബാക്കിയായി.
എപ്പോൾ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ കടക്കാർ ആരും വീട്ടുസാധനങ്ങൾ കടം തരില്ല.. മോൾക്ക് ചെറിയൊരു ജോലിയുണ്ടെങ്കിലും ചെറിയ വരുമാനമേയൂള്ളൂ.
കിഡ്നി സ്റ്റോൺ കാരണം അവൾക്ക് രണ്ടു മാസം ജോലിക്ക് പോകാനായില്ല. എനിക്ക് അച്ഛനും അമ്മയുമില്ല. കൊവിഡ് സമയത്താണ് ആശ വർക്കായി ജോലി ലഭിച്ചത്. സ്ഥിരമായി ഒരു വരുമാനമെന്ന ആശ്വാസത്തിലായിരുന്നു… ശ്രീലത പറയുന്നു.