അനില സി എസ്
ഏഷ്യാ കപ്പ് ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ സ്വന്തം മണ്ണിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് ശ്രീലങ്ക. ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ലങ്കൻ താരങ്ങളുടെ സ്വപ്നങ്ങളെ ഇന്ത്യയുടെ മുഹമ്മദ് സിറാജ് തകർത്തെറിഞ്ഞു. മഴ മൂലം വൈകി തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റു ചെയ്യാൻ ഇറങ്ങുകയായിരുന്നു. എന്നാൽ അവർ അറിഞ്ഞു കാണില്ല വെറും 50 റൺസിൽ മടങ്ങേണ്ടി വരുമെന്ന്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 6.1ഓവറിൽ അനായാസേന വിജയം കൊയ്തു. ഏഷ്യാ കപ്പ് ഫൈനൽ കഴിഞ്ഞതോടു കൂടി ഇരു ടീമുകളും ഇനി ലോകകപ്പിനായുള്ള തയ്യാറെടുപ്പുകളിലാണ്. ഏഷ്യാ കപ്പ് വിജയം ഇന്ത്യയുടെ പ്രതീക്ഷകൾ വർധിപ്പിച്ചപ്പോൾ, ശ്രീലങ്കയെ ആകട്ടെ കൂടുതൽ സമ്മർദത്തിലേക്ക് നയിക്കുകയും ചെയ്തു.
ശ്രീലങ്ക അത്ര ചെറിയ ടീം ഒന്നുമല്ല. ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ കപ്പ് നേടിയ രാജ്യങ്ങളിൽ രണ്ടാം സ്ഥാനം ശ്രീലങ്കയ്ക്കാണ്. 2022 ഏഷ്യാ കപ്പിൽ പാകിസ്താനെ തോൽപിച്ച് കപ്പുയർത്തിയത് ശ്രീലങ്കയായിരുന്നു. 1986, 1997,2004, 2008, 2014, 2022 വർഷങ്ങളിൽ ശ്രീലങ്കൻ ടീം കിരീടം ചൂടി. ഏഴുവട്ടം ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണ വിജയം ശ്രീലങ്കയോടൊപ്പം ആയിരുന്നു. എന്നാൽ ഈ വർഷം ദയനീയമായൊരു തോൽവി അവർ പോലും പ്രതീക്ഷിച്ചു കാണില്ല. ടീമിൽ പരിചയ സമ്പന്നരായ താരങ്ങൾ ഇല്ലാത്തത് ശ്രീലങ്കയുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. സീനിയർ താരങ്ങളാകട്ടെ പരിക്കിന്റെ പിടിയിലുമാണ്. ഇതിഹാസ താരങ്ങളായ സംഗക്കാര, മഹേല, ദിൽഷൻ എന്നിവർ വിരമിച്ചതോടെ ടീമിന്റെ കരുത്ത് തകർന്നെന്ന് വേണം പറയാൻ. ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്ക്ക് പുറമെ സനത് ജയസൂര്യ, കലുവിതരാണ, അരവിന്ദ ഡി സില്‍വ, അസാംഗ ഗുരുസിംഹ, മര്‍വന്‍ അട്ടപ്പട്ടു, മുത്തയ്യ മുരളീധരന്‍ തുടങ്ങി ഒന്നിന് ഒന്ന് മികച്ച താരങ്ങളായിരുന്നു പഴയകാല ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ കരുത്ത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അനാസ്ഥയും ടീമിന്റെ ശോഷണത്തിനു കാരണമായിട്ടുണ്ട്. ബോര്‍ഡും സീനിയര്‍ താരങ്ങളും തമ്മിലുള്ള തർക്കം ശ്രീലങ്കൻ ടീമിന്റെ പതനങ്ങൾക്ക് ആക്കം കൂട്ടി. ശ്രീലങ്കൻ ഭരണത്തിലെ പോരായ്മകൾ അവിടത്തെ ക്രിക്കറ്റ് ടീം സെലക്ഷനെയും സാരമായി ബാധിച്ചിരുന്നു. ക്രിക്കറ്റിലെ ഏറ്റവും അഴിമതി നിറഞ്ഞ ഭരണസംവിധാനമാണ് ശ്രീലങ്കയുടെതെന്നായിരുന്നു ഐസിസിയുടെ വിലയിരുത്തൽ. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ബോർഡിന്റെയും ടീമിന്റെയും തളർച്ചയ്ക്ക് കാരണമായിരുന്നു.
ഒരു കാലത്ത് ഇന്ത്യയടക്കമുള്ള ക്രിക്കറ്റ് ടീമുകളെ വിറപ്പിച്ച ലങ്കൻ പുലികൾ ഇന്ന് ആരാധകരെ നിരാശരാക്കുകയാണ്. സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയപ്പോൾ ലോകകപ്പിൽ ഈ തോൽവിയുടെ അലയൊലികൾ പ്രകടമാകുമോ എന്നത് കണ്ടറിയണം. പ്രിയ ടീമിന്റെ മത്സരം കാണാനായി കൊളംബോയിലെത്തിയ ആരാധകർക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും തകർച്ചയ്ക്കിടയിലും കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ വിജയിച്ചത് ശ്രീലങ്കയ്ക്ക് ആത്മവിശ്വാസം കൂട്ടിയിരുന്നു. ഈ വർഷം ഫൈനലിൽ എത്തിയതും ടീമിന്റെ ഉയർത്തെഴുന്നേല്പിന്റെ സൂചനകളാണ്. ഏകദിന ലോകകപ്പ് ഇന്ത്യയിൽ ആണെന്നത് ശ്രീലങ്കയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്. കാരണം, ഇതിനു മുൻപുള്ള ചരിത്രം നോക്കുകയാണെങ്കിൽ അവസാനമായി ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ശ്രീലങ്ക ഫൈനലിൽ എത്തുകയും അവസാനം ഇന്ത്യയിൽ വെച്ച് നടന്ന ട്വന്റി- ട്വന്റി ലോകകപ്പിൽ അവർ കിരീടം നേടുകയും ചെയ്തിരുന്നു. ദാസുൻ ശനകയുടെ നേതൃത്വത്തിൽ കരുത്തരായ യുവ താരനിര ലങ്കൻ പടയുടെ പഴയ വീര്യം തിരികെ കൊണ്ട് വരുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കൻ ആരാധകർ.