ഡ്രൈവിങ് പഠനത്തിനിടെ ബ്രേക്കിനു പകരം ചവിട്ടിയത് ആക്സിലേറ്റർ! കാർ നടപ്പാതയിലേക്ക് ഇടിച്ചു കയറി; 4 പേരുടെ നില ഗുരുതരം
തിരുവനന്തപുരം: അമിത വേഗതയിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി 5 പേർക്ക് ഗുരുതര പരുക്ക്. ഇതിൽ നാലു പേരുടെ നില അതീവഗുരുതരമാണ്. തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. അതേ സമയം പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജനറൽ ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ട ഓട്ടോയിലും കാറിലും ഇടിച്ചശേഷമാണ് പൂർണമായും നിയന്ത്രണം വിട്ട കാർ തൊട്ടടുത്തുള്ള നടപ്പാതയിലേക്ക് കാർ ഇടിച്ചു കയറിയത്. പരുക്കേറ്റവരിൽ രണ്ടുപേർ ഓട്ടോഡ്രൈവർമാരും രണ്ടുപേർ കാൽനടയാത്രക്കാരുമാണ്. വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു ഓട്ടോ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
വട്ടിയൂർക്കാവ് വലിയവിള സ്വദേശി എ.കെ വിഷ്ണുനാഥാണ് (25) കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രൈവിങ് പഠനത്തിനിടെയാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പുറത്തു വരുന്നന്ന പ്രാഥമിക വിവരം.
ടാങ്കർലോറിയിലേക്ക് കണ്ടെയ്നർ ഇടിച്ചുകയറി
മലപ്പുറം: നിർത്തിയിട്ട ടാങ്കർലോറിയിലേക്ക് കണ്ടെയ്നർ ഇടിച്ച് അപകടം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്നർ ഇടിച്ചത്. പൊന്നാനി ചമ്രവട്ടത്ത് ഇന്ന് പുലർച്ചെ 2 മണിയോടെയാണ് അപകടം. സംഭവത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ വേർപെട്ടുപോയി. തുടർന്ന് ടാങ്കറിൽ നിന്ന് ഇന്ധനം ചോർന്ന് റോഡിൽ ഒഴുകി.
അപകടം പുലർച്ചെ ആയതിനാൽ സ്ഥിഗതികൾ വഷളായില്ല. പൊന്നാനി ഫയർ ഫോഴ്‌സ് എത്തി അപകട സാഹചര്യം ഒഴിവാക്കി. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തമാണെന്ന് അധികൃതർ അറിയിച്ചു. തുർന്ന് ക്രെയിൻ കെട്ടി കണ്ടെയ്നർ റോഡിൽ നിന്ന് വലിച്ച് മാറ്റുകയായിരുന്നു.
കുന്നംകുളത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം
തൃശൂർ: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. 5 പേർക്ക് പരിക്കേറ്റു. കുന്നംകുളം ചൂണ്ടലിൽ ആണ് അപകടമുണ്ടായത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിനായക ബസ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിച്ചു തകർന്നതിനു ശേഷം മറിയുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
കോഴിക്കോട് അപകടം; ഒരാൾ മരിച്ചു
ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ ഫറോക്ക് പുതിയ പാലത്തിന് സമീപം നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് രണ്ട് കാറുകളിൽ ഇടിച്ച് വലിയ അപകടം. കൊണ്ടോട്ടി സ്വദേശിയായ മുഹമ്മദ് ബഷീർ (60) ആണ് സംഭവത്തിൽ മരിച്ചത്.
അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ദൃക്‌സാക്ഷികളുടെ പറഞ്ഞു പ്രകാരം, അമിത വേഗതയിൽ എത്തിയ കെ.എസ്.ആർ.ടി.സി ബസ് കാറുകളിലേക്ക് ഇടിച്ചതോടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയതായി റിപ്പോർട്ടുണ്ട്.
പുതിയ പാലം വഴിയുള്ള വാഹന ഗതാഗതം പൂർണമായി സ്തംഭിച്ച സാഹചര്യത്തിൽ വാഹനങ്ങൾ ഫറോക്ക് പഴയപാലം വഴിയാക്കിയാണ് തിരിച്ചുവിട്ടത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
English Summary :
A speeding car crashed into a pedestrian path, leaving 5 people seriously injured. Four of them are in critical condition.