കവർച്ചാകേസിൽ പിടിയിലായ പ്രതിയുമായി ഒരു ജില്ലാ പോലീസ് മേധാവി നടത്തുന്ന സംസാരത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഉത്തർപ്രദേശിലെ സാംബാളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. പോലീസുമായുള്ള ഏറ്റമുട്ടലിനൊടുവിൽ കാലിൽ വെടിയേറ്റ പരിക്കുമായി പിടിയിലായ ശൗകീൻ എന്നയാളും പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാർ വിഷ്‍ണോയും തമ്മിലുള്ള സംസാരമാണ് വീഡിയോയിൽ അടങ്ങിയിട്ടുള്ളത്.
ഏതാനും ആഴ്ചകൾ മുമ്പ് സാംബാളിലെ ഒരു ക്ഷേത്രത്തിൽ കയറി മോഷണം നടത്തിയ സംഘത്തിലെ അംഗമായിരുന്നു ശൗകീൻ. ദിവസങ്ങൾക്ക് മുമ്പ് ഇയാളും സംഘത്തിലെ മറ്റൊരാളും പോലീസിന്റെ മുന്നിൽപ്പെട്ടു. പിടിക്കപ്പെടുമെന്നായപ്പോൾ ഇവർ പോലീസുകാർക്ക് നേരെ വെടിവച്ചു. പോലീസും തിരിച്ച് വെടിവെച്ചു. ശൗകീന്റെ കാലിൽ വെടിയുണ്ട തറച്ചുകയറി. ഏറ്റമുട്ടലിനൊടുവിൽ ശൗകീനെ ഉപേക്ഷിച്ച് സുഹൃത്ത് രക്ഷപ്പെട്ടു എന്നാണ് പോലീസ് അറിയിച്ചത്.
പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശൗകീനെ ജില്ലാ പോലീസ് മേധാവി കൃഷ്ണ കുമാർ വിഷ്ണോയി സന്ദർശിച്ചു. പോലീസ് തന്നെയാണ് ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്. സ്ട്രച്ചറിൽ കിടക്കുന്ന പ്രതിയോട് ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇയാളെ എസ്.പി ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ ചെവിയിൽ പിടിച്ച് ഇയാൾ മാപ്പ് പറയുന്നുമുണ്ട്.
ഇനി മോഷണം നടത്തിയാൽ വെടി വയ്ക്കുന്നത് കാലിൽ ആയിരിക്കില്ല, നെഞ്ചിൽ തന്നെയായിരിക്കും എന്നും എസ്.പി പറയുന്നു. ഇത് പറഞ്ഞ ശേഷം എവിടെയായിരിക്കും വെടിയേൽക്കുക എന്ന് എസ്.പി പ്രതിയോട് തിരിച്ച് ചോദിക്കുന്നതും, എന്റെ നെഞ്ചിൽ വെടി കൊള്ളും എന്ന് പ്രതി മറുപടി പറയുന്നതും വീഡിയോയിൽ കാണാം. ഒരു ഡസനിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ കാര്യം ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി എസ്.പി പിന്നീട് പറയുന്നു. പല തവണ ജയിലിലും കിടന്നിട്ടുണ്ട്. ക്ഷേത്രങ്ങൾ മാത്രമാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ പറഞ്ഞു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട കൂട്ടുപ്രതിയെ കണ്ടെത്താൻ അന്വേഷണം നടക്കുന്നു.
English summary : SP talks to the accused in the theft case ; the video went viral on social media