ധർമസ്ഥല; അന്വേഷണത്തിൽ നിന്ന് പിന്മാറി സൗമ്യലത
കുന്താപുര: ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറി സൗമ്യലത ഐപിഎസ്. പിന്മാറ്റം ആഭ്യന്തര മന്ത്രി ജി പരമേശ്വര ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ തനിക്ക് മറവ് ചെയ്യേണ്ടിവന്നു, കുഴിച്ചുമൂടിയതിൽ സ്കൂൾ യൂണിഫോമിൽ ഉള്ള പെൺകുട്ടികൾ ഉണ്ടായിരുന്നുവെന്നായിരുന്നു ധർമസ്ഥലയിലെ ശുചീകരണ തൊഴിലാളിയുടെ നടക്കുന്ന വെളിപ്പെടുത്തൽ.
ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സർക്കാർ കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. 20 അംഗ സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയമിച്ചിരുന്നത്. 4 ടീമുകൾ ആയി ഇവർ അന്വേഷണം തുടരാനിരിക്കെയാണ് തലപ്പത്ത് പിന്മാറ്റം. ഐജി എം എൻ അനുചേത്, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ മുഖ്യ ഉദ്യോഗസ്ഥരിൽ ഒരാളാണ് സൗമ്യലത ഐപിഎസ്. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം മറ്റൊരാളെ എത്രയും വേഗം ഉൾപ്പെടുത്തുമെന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.
ധർമസ്ഥല വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പൊലീസിൽ നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത് വന്നു. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയൽ സംസ്ഥാനത്ത് 11 വർഷമായി ഒളിവിൽ കഴിയേണ്ടി വന്നതായും ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു എന്നും മൊഴിയിലുണ്ട്. സത്യം തെളിയിക്കാൻ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒപ്പം നിരവധി പുരുഷന്മാരും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തൽ. നിരവധി കൊലപാതകങ്ങൾ താൻ നേരിൽ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയിലുണ്ട്. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകൾ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാൾ പറഞ്ഞു.
ധർമസ്ഥല; മലയാളിയുടെ മരണത്തിലും ദുരൂഹത
ബെംഗളൂരു: ധർമസ്ഥലയിൽ ബൈക്ക് ഇടിച്ചു മരിച്ച മലയാളിയുടെ മരണത്തിലും ദുരൂഹതയെന്ന് പരാതി. ഇടുക്കി സ്വദേശി ബൽത്തങ്ങാടി കറമ്പാറു സവനാലു ഡാർബെ ഹൗസിൽ കെ.ജെ.ജോയി 2018ൽ വാഹനം ഇടിച്ചു മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകൻ തളിപ്പറമ്പ് പുളിമ്പറമ്പിലെ കക്കാട്ടുവീട്ടിൽ അനീഷ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾക്കു സമാനമാണ് പിതാവിന്റെ മരണമെന്ന് അനീഷ് നൽകിയ പരാതിയിൽ പറയുന്നു.
ധർമസ്ഥലയിലെ പ്രമുഖന്റെ നിർദേശപ്രകാരം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ വാഹനം ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അനീഷ് ധർമസ്ഥലയിലെത്തി പരാതി നൽകിയതോടെ ഭീഷണി ശക്തമായിരുന്നു. ഒടുവിൽ അവിടെനിന്ന് രക്ഷപ്പെട്ട് നാട്ടിൽ എത്തിയെന്നും അനീഷ് അറിയിച്ചു.
അതേസമയം, ധർമസ്ഥലയിൽ നൂറിലധികം പേരുടെ മൃതദേഹങ്ങൾ മറവു ചെയ്തെന്ന കേസിലെ എസ്ഐടി അന്വേഷണത്തെ ക്ഷേത്ര ട്രസ്റ്റ് സ്വാഗതം ചെയ്തു. ആരോപണങ്ങളിൽ ഇതാദ്യമായാണു ട്രസ്റ്റ് പ്രതികരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ വനമേഖലയിൽ കുഴിച്ചുമൂടിയെന്ന, ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ സ്വതന്ത്രവും സുതാര്യവും നീതിപൂർവകവുമായ അന്വേഷണം വേണമെന്നു ട്രസ്റ്റ് വക്താവ് കെ.പാർശ്വനാഥ് ജെയിൻ ആവശ്യപ്പെട്ടു. ഇതിനിടെ, ഇനിയൊരു ഉത്തരവുണ്ടാകും വരെ ട്രസ്റ്റിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്നു ബെംഗളൂരു സെഷൻസ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ധർമ്മസ്ഥലയിൽ കൊല്ലപ്പെട്ട പെൺകുട്ടികളിൽ മലയാളികളും
മംഗളൂരു: വിദ്യാർത്ഥികളടക്കം 100ലേറെ യുവതികളെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ മരിച്ചവരിൽ മലയാളികളുമുണ്ടെന്ന് സംശയം. കർണാടകയിലെ ധർമ്മസ്ഥലത്ത് 1998നും 2014ലു ഇടയിലാണ് സംഭവം നടന്നത്. ഇതു സംബന്ധിച്ച് ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തൽ നടത്തിയത്.
ഇയാളുടെ മൊഴിയിൽ കർണാടക പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ധർമ്മസ്ഥല ക്ഷേത്രത്തിലെ സൂപ്പർവൈസറാണ് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ നിർദ്ദേശം നൽകിയത്. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും ഇതോടെ മൃതദേഹങ്ങൾ കത്തിച്ച് കുഴിച്ചുമൂടിയെന്നും മുൻ തൊഴിലാളി പറയുന്നു. ധർമ്മസ്ഥലയിലും പ്രദേശങ്ങളിലും പീഡനത്തിനിരയായ സ്‌കൂൾ വിദ്യാർത്ഥിനികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് കുഴിച്ചിട്ടതെന്നാണ് വെളിപ്പെടുത്തൽ.
എന്നാൽ മൊഴിനൽകിയ ആളുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മൃതദേഹങ്ങൾ കുഴിച്ചു മൂടിയതിന്റെ ഫോട്ടോകളും തെളിവുകളും ഇയാൾ പൊലീസിന് നൽകിയിട്ടുണ്ട്. ഇയാൾക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. 2014ൽ ജോലി ഉപേക്ഷിച്ച ഇയാൾ കുടുംബത്തോടൊപ്പം ധർമ്മസ്ഥലയിൽ നിന്ന് പോയിരുന്നു. എന്നാൽ പശ്ചാത്താപവും ഇരകൾക്ക് നീതി ലഭിക്കണമെന്നത് ആഗ്രഹിച്ചുമാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഇദ്ദേഹം പൊലീസിനോട് പറഞ്ഞു.
ധർമ്മസ്ഥല ക്ഷേത്ര ജീവനക്കാരിയും ഇതു സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. ധർമ്മസ്ഥലയിലെ പരിശോധനയിൽ തലയോട്ടികളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. ഇവ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറയുന്നിടത്ത് കൂടുതൽ പരിശോധനകൾ തുടങ്ങിയിട്ടില്ല. ദക്ഷിണ കർണാടക എസ്.പി കെ.എ. അരുണിന്റെ നേതൃത്വത്തിലാണ് അന്വേഷണം.1987ൽ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി.
ധർമ്മസ്ഥലയിലേക്ക് പോകുന്ന മലയാളികളിൽ കൂടുതലും കാസർകോട്ടുകാരാണ്. അതിനിടെയാണ് ധർമ്മസ്ഥലയിൽ പോയി കാണാതായ മലയാളി പെൺകുട്ടികളുണ്ടെന്നതിന്റെ സൂചനകൾ പുറത്തുവരുന്നത്. 1987ൽ കാണാതായ യുവതിയുടെ മൃതദേഹം കൈകാലുകൾ വെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം യുവതിയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. ‘ഇരുപത് വർഷങ്ങൾക്ക് മുമ്പ് നടന്ന കൂട്ടക്കൊല പരമ്പരയാണിത്. പൊലീസ് നടപടി എടുത്തില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിക്കാർ നേരിട്ടിറങ്ങി മൃതദേഹങ്ങൾ പുറത്തെടുക്കും. ജയിലിൽ പോകാൻ തയ്യാറാണ്. ജീവനക്കാരൻ നൽകിയ മൊഴി നൂറ് ശതമാനവും ശരിയാണെന്നും നാട്ടുകാർ പറഞ്ഞു
English Summary :
Soumya Latha IPS Withdraws from Karnataka SIT After Revelation by Former Sanitation Worker in Dharmasthala
Soumya Latha IPS has stepped down from the Special Investigation Team (SIT) formed by the Karnataka government, following revelations made by a former sanitation worker in Dharmasthala