പലതരത്തിലുള്ള കള്ളന്മാരെപ്പറ്റി കേൾക്കാറുണ്ട്. എന്നാൽ ഇതൊരു വ്യത്യസ്തനായ കള്ളനാണ്. തമിഴ്‌നാട്ടിലെ മേഘനാപുരത്താണ് സംഭവം. വീട്ടിൽ കയറി മോഷണം നടത്തിയ ശേഷം ക്ഷമ ചോദിച്ച് കത്തെഴുതി വച്ചിരിക്കുകയാണ് ഈ കള്ളൻ. മനഃപൂർവ്വമല്ലെന്നും തന്റെ വീട്ടിൽ സുഖമില്ലാത്തയാൾക്കു വേണ്ടിയാണിതെന്നും ഒരു മാസത്തിനകം തിരിച്ചു തരാമെന്നുമാണ് കള്ളൻ കത്തെഴുതി വച്ചത്.(The thief wrote a touching letter in the house where he had stolen)
‘ക്ഷമിക്കണം, ഇത് ഒരു മാസത്തിനകം ഞാൻ തിരികെ തരാം. എന്റെ വീട്ടിൽ ഒരാൾ സുഖമില്ലാതെ ഇരിക്കുകയാണ് അതുകൊണ്ടാണ് ഇത് ചെയ്യുന്നത്’- എന്നാണ് കത്തിൽ എഴുതിയിരുന്നത്. വിരമിച്ച അദ്ധ്യാപകൻ സെൽവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സെൽവിനും ഭാര്യയുമാണ് വീട്ടിൽ താമസിക്കുന്നത്.
കഴിഞ്ഞ മാസം ദമ്പതികൾ മകനെ കാണാൻ ചെന്നെെയിൽ പോയിരുന്നു. ഇവർ ഇല്ലാത്ത ദിവസങ്ങളിൽ വീട് വൃത്തിയാകാൻ ഒരു ജോലിക്കാരിയെ ഏർപ്പെടുത്തിയിരുന്നു. ജൂൺ 26ന് ജോലിക്കാരി വീട്ടിലെത്തിയപ്പോൾ മുന്നിലെ വാതിൽ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഉടനെ ഇവർ സെൽവിനെയും പൊലീസിനെയും വിവരം അറിയികയായിരുന്നു.
60,000 രൂപയും 12ഗ്രാം സ്വർണാഭരണങ്ങളും ഒരു ജോടി വെള്ളി പാദസരവും കള്ളൻ കവർന്നതായി കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി വീട്ടിൽ തെരച്ചിൽ നടത്തിയപ്പോഴാണ് കള്ളൻ എഴുതി എന്ന് വിശ്വസിക്കുന്ന കത്ത് ലഭിച്ചത്.സംഭവത്തിൽ മേഘനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.