ട്രെയിനില്‍ നിന്ന് എടുത്തുചാടി കച്ചവടക്കാരന്‍
മലപ്പുറം: ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ട്രെയിനില്‍ നിന്ന് എടുത്തുചാടിയ ശീതളപാനീയ വില്‍പ്പനക്കാരനു ഗുരുതരപരിക്ക്. മലപ്പുറത്ത് താനൂരിലാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവ് പുറത്തേക്ക് ചാടിയത്.
ഇന്നലെ രാത്രി ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പാണ്ടിമുറ്റം സ്വദേശി അഷ്‌ക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ട്രെയിൻ യാത്രക്കിടെ ടിക്കറ്റും രേഖയും കാണിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അഷ്‌കര്‍ തയ്യാറായില്ല. തുടര്‍ന്ന് നടപടിയെടുക്കുമെന്ന് ടിടിഇ മുന്നറിയിപ്പ് നൽകി. പിന്നാലെയാണ് അഷ്‌കര്‍ ട്രെയിനിൽ നിന്ന് എടുത്ത് ചാടിയത്.
തുടർന്ന് താനൂര്‍ ചിറക്കലിലെ ഓവുപാലത്തില്‍ നിന്നാണ് പിന്നീട് ഇയാളെ കണ്ടെത്തിയത്. ഇയാളുടെ ഗുരുതരമായി കൈക്കും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു
കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് ദാരുണ സംഭവം നടന്നത്. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തെന്‍ വീട്ടില്‍ മിനി (42) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. സേലത്ത് രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മിനിയുടെ മകള്‍ നിമിഷ. ഇവിടേക്ക് പോകുന്നതിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി.
വേളാങ്കണ്ണി ട്രെയിനില്‍ യാത്ര അയയ്ക്കാന്‍ ഭര്‍ത്താവ് ഷിബുവുമൊത്താണ് മിനി കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.
മകളുടെ ബാഗുകളും മറ്റു സാധനങ്ങളും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു.
എന്നാല്‍ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുന്‍പേ ട്രെയിന്‍ മുന്നോട്ടു നീങ്ങി തുടങ്ങി. ഇതോടെ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാനായി ഇവര്‍ വാതില്‍പടിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു.
വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Summary: In Malappuram’s Tanur, a soft drink seller sustained serious injuries after jumping off a speeding train when the TTE demanded his ticket. The incident has sparked shock among passengers.









