ആലപ്പുഴ: ഇന്നത്തെകാലത്തും ചില സവർണ്ണ തമ്പുരാക്കൻമാർ ജാതിവിവേചനം നടപ്പിൽ വരുത്തുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ‘ക്ഷേത്ര കാര്യങ്ങളിൽ ഈഴവൻ പാടില്ല’ എന്ന തരത്തിലുള്ള തടസ്സവാദങ്ങളാണ് ഇക്കൂട്ടർ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ടെസ്റ്റുകൾ പാസ്സായി യോഗ്യനെന്ന് കണ്ടെത്തി നിയമിതനായ വ്യക്തിയെ ആണ് കൂടൽമാണിക്യക്ഷേത്രത്തിൽ ജാതിവിവേചനം പറഞ്ഞ് ഇപ്പോൾ മാറ്റിനിർത്തിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴക ജോലിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്കം എന്നു പറഞ്ഞ് മഹാഭൂരിപക്ഷത്തെ മാറ്റി നിർത്തുന്നിടത്ത് എങ്ങനെ ഹിന്ദു ഐക്യം ഉണ്ടാകുമെന്നും അദ്ദേഹം ചോദിച്ചു. ജനാധിപത്യയുഗത്തിൽ കാലഘട്ടത്തിന്റെ മാറ്റം മനസ്സിലാക്കാതെയും ഉൾക്കൊള്ളാതെയും, നൂറ്റാണ്ടുകൾക്ക് മുൻപ് പൂർവ്വികമായി കിട്ടിയതാണ് എന്ന് പറഞ്ഞു കൊണ്ട് ഇവിടുത്തെ ജനങ്ങളുടെ വികാര, വിചാരങ്ങൾക്കെതിരായി, ‘ക്ഷേത്ര കാര്യങ്ങളിൽ ഈഴവൻ പാടില്ല’ എന്ന തരത്തിലുള്ള തടസ്സവാദങ്ങൾ ഉന്നയിച്ച് ഇന്നും ചില സവർണ്ണ തമ്പുരാക്കൻമാർ ജാതിവിവേചനം നടപ്പിൽ വരുത്തുകയാണ്. ഹിന്ദു ഐക്യത്തെ പോലും തകർക്കുന്ന കുലംകുത്തികളായി ഇത്തരക്കാർ മാറുകയാണ്.
ഈ സമൂഹത്തിലെ മഹാഭൂരിപക്ഷം ആളുകളും ഹിന്ദുക്കളുടെ ഐക്യം ആഗ്രഹിക്കുകയാണ്. അതിനാൽ ഇത്തരം പ്രവണതകൾ ഇനിയും കേരളത്തിൽ തുടർന്ന് ഉണ്ടാകുവാൻ പാടില്ല. ഇതിനെതിരെ മാതൃകാപരമായി പ്രതിക്ഷേധിക്കുകയും ഇത്തരം ചാതുർവർണ്യത്തിന്റെ ഉഛിഷ്ഠങ്ങളും എല്ലിൻ കഷ്ണങ്ങളും പൊക്കിയെടുത്ത് പഴയ കാല വ്യവസ്ഥിതിയും പറഞ്ഞ് വരുന്ന, ഇത്തരം ചാതുർവർണ്യ വ്യവസ്ഥ മനസ്സിൽ വച്ച് നടക്കുന്ന സവർണ്ണ തമ്പുരാക്കൻമാരെ നിലയ്ക്ക് നിർത്തുവാൻ ഇവിടുത്തെ ഹിന്ദു സമൂഹം ഒന്നാകെ ഉണരണം.
പിന്നാക്കം എന്നും മുന്നാക്കം എന്നും പറഞ്ഞ് മുഖം തിരിച്ച് നിൽക്കുവാനോ നിർത്തുവാനും പാടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇത്തരം ജാതിവിവേചന സംഭവങ്ങൾ സമൂഹത്തിൽ പോലും ഉണ്ടാകുവാൻ പാടില്ലാത്ത വിധത്തിൽ ശക്തമായ നടപടി സർക്കാർ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
പിണറായി വിജയൻ നേതൃസ്ഥാനത്ത് നിന്ന് മാറിയാൽ സിപിഎമ്മിൽ സർവനാശമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്നലെ പറഞ്ഞിരുന്നു.
തുടർഭരണത്തിൽ പിണറായിയെ മാറ്റി ആരെ നേതാവായി അവതരിപ്പിച്ചാലും അത് വൻപരാജയമായിരിക്കും. മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ സ്ഥാനത്തിനായി വെട്ടിമരിക്കാനായി പല ആളുകളും കടന്നു വരും. നിലവിൽ പിണറായിയുടെ സീറ്റിലേക്ക് വരാൻ യോഗ്യരായ ആരുമില്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
സ്ഥാനമോഹികളായ നേതാക്കൾ പാർട്ടിൽ ഒരുപാടു പേരുണ്ട്. പിണറായി വിജയൻ സംസ്ഥാനത്തെ ശക്തനായ ഭരണാധികാരിയും ശക്തനായ നേതാവുമാണ്.
സംസ്ഥാന സമ്മേളന ചർച്ചയിലൊന്നും ആരും പിണറായിയെ തൊട്ടില്ലല്ലോ?, ആരും അദ്ദേഹത്തെപ്പറ്റി മാത്രം ഒന്നും പറഞ്ഞില്ല. പുറത്തു നിന്ന് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകാം. സംസ്ഥാന സമ്മേളനത്തിൽ എല്ലാവരും ഒരേ സ്വരത്തിൽ പിണറായിയെ വാഴ്ത്തുകയും പുകഴ്ത്തുകയുമാണ് ചെയ്തത്. അത് പിണറായി വിജയന്റെ നേതൃപാടവമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഒരു പള്ളിയിൽ 16 പട്ടക്കാർ ആകരുത്. ഒരു പള്ളിയിൽ ഒരു പട്ടക്കാരൻ മതി. 16 പട്ടക്കാരായാൽ ഈ 16 പട്ടക്കാരും തമ്മിൽ ദിവസവും അടിയായിരിക്കും. പിണറായി വിജയൻ നല്ല നേതാവും നല്ല അഡ്മിനിസ്‌ട്രേറ്ററുമായതുകൊണ്ട് തന്നെ അനുയായികളെയെല്ലാം ഒരു അപശബ്ദം പോലും ഇല്ലാതെ ഇരുത്താൻ സാധിച്ചു.
അതാണ് പിണറായിയുടെ മികകവന്നും പിണറായിയെ കേന്ദ്രീകരിച്ചു പാർട്ടി മുന്നോട്ടുപോകുന്നത് നല്ലതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പലരെ കേന്ദ്രീകരിച്ചു പോയാൽ പാർട്ടി പല വഴിക്കുപോകും. ഇനിയും തുടർഭരണം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎം.
ഇടതുപക്ഷത്തിന്റെ ശക്തമായ പ്രകടനം കൊണ്ടല്ല മറിച്ച് യുഡിഎഫ് തമ്മിൽ തല്ലി ഛിന്നഭിന്നമായി കിടക്കുകയാണ്. ഇടതുപക്ഷ വോട്ടുകൾ ഉറച്ച് ഒന്നായി നിൽക്കുകയും ചെയ്യുന്നു. വലതുപക്ഷ വോട്ടുകൾ ഛിന്നഭിന്നമായിരിക്കുകയാണ് അതേസമയം എൻഡിഎ കേരളത്തിൽ നന്നായി വളരുന്നുമുണ്ട്. എൻഡിഎയുടെ വളർച്ച യുഡിഎഫിന്റെ തളർച്ചയാണ്. എന്നാൽ എൽഡിഎഫിന്റെ ഐശ്വര്യം എൻഡിഎയാണ്.
സജി ചെറിയാൻ വിജയിക്കുന്നത് ത്രികോണമത്സരം കൊണ്ട് മാത്രമാണെന്നും നേരത്തെ യുഡിഎഫ് മാത്രം വിജയിച്ചിരുന്ന മണ്ഡലത്തിൽ, എൻഡിഎ കൂടുതൽ വോട്ടുപിടിച്ചതോടെയാണ് സജി ചെറിയാന് വിജയിക്കാനായതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
50 കൊല്ലത്തിലേറെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും സംസ്ഥാന കമ്മിറ്റിയിൽ എടുത്തില്ലെന്നാണ് പത്തനംതിട്ടയിലെ നേതാവ് പദ്മകുമാർ പറഞ്ഞത്. പക്ഷെ പദ്മകുമാർ നന്ദികേട് കാട്ടരുത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, എംഎൽഎ തുടങ്ങിയസ്ഥാനങ്ങൾ പാർട്ടി നൽകിയില്ലേ. ദേവസ്വം പ്രസിഡന്റ് പദവിയിൽ എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കാൻ സാധിച്ചില്ലേ. അർഹതക്കുറവുണ്ടെന്ന് പദ്മകുമാർ മനസ്സിലാക്കണം. പദ്മകുമാർ 50 കൊല്ലം പഠിച്ചെങ്കിലും തോറ്റ് തോറ്റ് നാലാം ക്ലാസിലേ എത്തിയുള്ളു.
അതേസമയം വീണാ ജോർജ് ഒമ്പതുകൊല്ലം കൊണ്ട് ജയിച്ച് ജയിച്ച് ഒമ്പതാം ക്ലാസിലെത്തി. 52 കൊല്ലം പഠിച്ചയാൾ നാലാം ക്ലാസിലും ഒമ്പതു കൊല്ലം പഠിച്ചയാൾ ഒമ്പതാം ക്ലാസിലുമെത്തിയാൽ, അതിൽ ഓരോരുത്തരുടെയും കഴിവും കഴിവുകേടും മനസ്സിലാക്കാനാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 52 കൊല്ലത്തെ പാരമ്പര്യം പറഞ്ഞ് സ്ഥാനങ്ങൾ കിട്ടിയില്ല എന്നു പറഞ്ഞാൽ അതിനേക്കാൾ പാരമ്പര്യമുള്ളവർ രാജ്യത്ത് ഉണ്ടെന്ന് ഓർമ വേണം. പാരമ്പര്യം കൊണ്ട് മാത്രം സ്ഥാനം വേണമെന്ന് ആരു ആഗ്രഹിച്ചാലും അതു ശരിയല്ല.
വീണാജോർജ് ജനകീയ പിന്തുണയുള്ള നേതാവാണ്, മിടുക്കിയാണ്, കാര്യശേഷിയുണ്ട്. ഒമ്പതു വർഷം കൊണ്ട് പ്രവർത്തനമേഖലയിൽ നല്ലതുപോലെ മികവു തെളിയിച്ചു. ശത്രുക്കൾക്ക് പോലും എതിർക്കാൻ പോലും ആവാത്ത ആരോഗ്യമന്ത്രിയാണ്. എല്ലാക്കാര്യത്തിലും ഓടിയെത്തുന്ന വീണാ ജോർജ് വിജയിച്ച ആരോഗ്യമന്ത്രിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.