കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് നിശബ്ദ പ്രചാരണം. കരുനീക്കങ്ങളുടെയും കണക്കുകൂട്ടലുകളുടെയും പകലിരവിന് അറുതിയാകുന്നതോടെ വയനാടും ചേലക്കരയും നാളെ പോളിംഗ് ബൂത്തിലേക്ക് ഒഴുകും.
പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാനും വോട്ട് തങ്ങൾക്ക് ഉറപ്പാക്കാനുമുള്ള തന്ത്രങ്ങളാണ് ഇന്നും നാളെയും മൂന്നു മുന്നണികളും പയറ്റുക.
പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി.
അതേസമയം, ബൂത്ത് തലത്തിലുള്ള സ്ക്വാഡ് വർക്കുകൾ ഇന്നും തുടരും. പ്രചാരണം അവസാനിച്ചപ്പോൾ എൽഡിഎഫും യുഡിഎഫും ഉറച്ച വിജയ പ്രതീക്ഷയിലാണ്. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി മറ്റന്നാൾ വരെ വയനാട്ടിൽ തുടരും.
അതേസമയം തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം രാവിലെ ആരംഭിക്കും. പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ വിവിധ ഇടങ്ങളിൽ തുടങ്ങും. ഉച്ചയോടെ വിതരണം പൂർത്തിയാകും.
ചെറുതുരുത്തി സ്കൂളിൽ നിന്നാണ് വോട്ടിംഗ് യന്ത്രങ്ങൾ അടക്കം വിതരണം ചെയ്യുക. 180 ബൂത്തുകളിലേക്കുള്ള ഇവിഎം മൂന്ന് സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.വിവിപാറ്റ് മെഷീനുകളുടെ തകരാറുകൾ മുന്നിൽ കണ്ട് 180 ബൂത്തുകൾക്കായി ആകെ 236 മെഷീനുകൾ സജ്ജമാക്കിയിട്ടുണ്ട്.