വയനാട്: വയനാട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥൻറെ മരണത്തിൽ എല്ലാ പ്രതികളും പിടിയിൽ. മുഖ്യപ്രതി സിൻജോ ജോൺസൺ അടക്കമുള്ളവരാണ് പിടിയിലായത്. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിൻജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യൻ എന്നീ പ്രതികളും പൊലീസിൻറെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.
രാവിലെ കേസിലെ രണ്ട് പ്രതികളെ പിടികൂടിയിരുന്നു. കാശിനാഥൻ അൽത്താഫ് എന്നിവരെയാണ് പിടികൂടിയത്. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അൽത്താഫ് പിടിയിലാകുന്നത്. സിൻജോയ്ക്കും കാശിനാഥനും ഉൾപ്പെടെ ഒളിവിൽ പോയവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായി.
ക്യാമ്പസിൽ സിദ്ധാർഥനെതിരായ എല്ലാ അക്രമങ്ങൾക്കും നേതൃത്വം നൽകിയത് സിൻജോ ജോൺസൺ ആണെന്ന് സിദ്ധാർഥന്റെ പിതാവ് ടി ജയപ്രകാശ് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം കീഴടങ്ങിയ കോളജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ (23), എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ (23), കോളജ് യൂണിയൻ അംഗം എൻ ആസിഫ്ഖാൻ(25), മലപ്പുറം സ്വദേശിയായ അമീൻ അക്ബർ അലി (25) എന്നിവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
ആദ്യം പിടിയിലായ 6 പേരും റിമാൻഡിലാണ്. സിദ്ധാർഥനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ 31 പേർ ഉൾപ്പെട്ടതായി ആന്റി റാഗിങ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്തു.
സമാനതകൾ ഇല്ലാത്ത ക്രൂരതയാണ് സിദ്ധാർത്ഥിനെതിരെ നടന്നത്. ഹോസ്റ്റൽ നടുമുറ്റത്തെ ആൾക്കൂട്ട വിചാരണ. ആരും സഹായത്തിന് എത്താത്ത നിസ്സഹായത. ഇതെല്ലാം ഉണ്ടാക്കിയ കടുത്ത മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇക്കഴിഞ്ഞ പതിനെട്ടിനാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളിൽ നിന്നാണ് സംഭവങ്ങളുടെ നിജസ്ഥിതി വെളിച്ചത്തായത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.