ബെംഗളൂരു: വയനാട് ഉരുള്‍പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നേരെ സഹായഹസ്തം നീട്ടി കര്‍ണാടക സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കര്‍ണാടക ഉണ്ടെന്ന് സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.(Siddaramaiah said that 100 houses will be built for wayanad disaster victims)
ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. നേരത്തെയും ദുരന്തമുണ്ടായപ്പോള്‍ എല്ലാവിധ പിന്തുണയുമായി അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാടും രംഗത്തെത്തിയിരുന്നു. കര്‍ണാടകയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥരെയും അയച്ചിരുന്നു.
കൂടാതെ തമിഴ്നാട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്സും വയനാട്ടിലെത്തിയിരുന്നു. തമിഴ്നാട് സര്‍ക്കാരും വയനാടിന് നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ണാടകയും വയനാട് പുനരധിവാസ പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.