ചോറിന് കൂട്ടാന്‍ എത്രയൊക്കെ കറികള്‍ ഉണ്ടെങ്കിലും തൊട്ട് കൂട്ടാന്‍ അച്ചാര്‍ കൂടിയുണ്ടെങ്കില്‍ സംഗതി വേറെ ലെവലാണ്. മാങ്ങ, നാരങ്ങ, ജാതിക്ക, നെല്ലിക്ക തുടങ്ങി പലവിധം അച്ചാറുകള്‍ പരീക്ഷിച്ചവര്‍ക്കിടയില്‍ ചെമ്മീന്‍ അച്ചാര്‍ വേറിട്ട് നില്‍ക്കുന്നു. നാവില്‍ കപ്പലോടുന്ന ചെമ്മീന്‍ അച്ചാറിന്റെ രുചി രഹസ്യം എങ്ങനെയെന്ന് നോക്കാം
ആവശ്യമുള്ള സാധനങ്ങള്‍
1. ചെമ്മീന്‍-ഒരുകിലോ, വൃത്തിയായി കഴുകി ഊറ്റിയത്
2. ഉപ്പ്, മഞ്ഞള്‍പ്പൊടി-പാകത്തിന്
3. എണ്ണ-പാകത്തിന്
4. വെളുത്തുള്ളി തൊലി കളഞ്ഞത്-2 ടേബിള്‍സ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-ഒന്നര ടേബിള്‍ സ്പൂണ്‍
ജീരകം- അരടീസ്പൂണ്‍
കടുക് പരിപ്പ്-ഒരു ടീസ്പൂണ്‍
5. എള്ളെണ്ണ-പാകത്തിന്
6. ഉലുവ- ഒരു ടീസ്പൂണ്‍
കടുക്-ഒരു ടീസ്പൂണ്‍
7. മുളകുപൊടി-രണ്ട് ടേബിള്‍ സ്പൂണ്‍
8. വിനാഗിരി-അരക്കപ്പ്
തിളപ്പിച്ചാറിയ വെള്ളം-ഒരുകപ്പ്
ഉപ്പ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ കഴുകി ഊറ്റിയതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വെയിലത്തു വച്ച് ഉണക്കി ചൂടായ എണ്ണയില്‍ വറുത്തു കോരി വയ്ക്കണം.
നാലാമത്തെ ചേരുവ മയത്തില്‍ അരച്ചു വയ്ക്കുക.
എള്ളെണ്ണ ചൂടാക്കി ഉലുവയും കടുകും മൂപ്പിക്കണം.
ഇതിലേക്ക് അരപ്പും ചേര്‍ത്തു നന്നായി വഴറ്റി മൂത്ത മണം വരുമ്പോള്‍ വിനാഗിരിയില്‍ കുതിര്‍ത്ത മുളകുപൊടി ചേര്‍ത്തു നന്നായി വഴറ്റുക.
ഇതില്‍ വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ചേര്‍ത്തിളക്കി പാകത്തിനുപ്പും ചേര്‍ത്തു ചെറുതീയില്‍ വയ്ക്കുക.
തിളയ്ക്കുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കി തിള വരുമ്പോള്‍ വാങ്ങുക. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം
Also Read:കൂന്തല്‍ റോസ്റ്റ്