സുഹൃത്തിനൊപ്പം കിടന്നുറങ്ങുന്നതിനിടെ വളർത്തുനായ തന്നെ വെടിവച്ചുവെന്ന വിചിത്ര വാദവുമായി യുവാവ് രംഗത്ത്. വെടിവെയ്പ്പിൽ യുവാവിന്റെ തുടയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വയസ്സുള്ള പിറ്റ്ബുള്ളാണ് സംഭവത്തിൽ കുറ്റാരോപിതനായിരിക്കുന്നത്.
ടെന്നെസിയിലാണ് സംഭവം നടക്കുന്നത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, വെടിവയ്പ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് കാണാൻ സാധിച്ചത് പരിക്കേറ്റ യുവാവിനെയും ഇയാളുടെ വളർത്തുനായ ഓറിയോയെയുമാണ്.
പക്ഷേ, സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളൊന്നും തന്നെ കണ്ടെത്താൻ സാധിച്ചതുമില്ല. തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് തോക്ക് കൊണ്ടുപോയത് എന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മാത്രമല്ല ഓറിയോയുടെ കൈ അറിയാതെ ട്രിഗർ ഗാർഡിൽ കുടുങ്ങിയതിനെ തുടർന്നാണ് അപകടം സംഭവിച്ചത് എന്നുമാണ് യുവാവ് പറഞ്ഞത്.
തുടയിൽ വെടിയേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് യുവാവിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്, അതൊരു വിചിത്രമായ അപകടമായിരുന്നു എന്നാണ്. നായ പെട്ടെന്ന് ചാടുകയും അതോടെ വെടിപൊട്ടുകയുമായിരുന്നുവത്രേ.
യുവാവിന്റെ പരിക്കുകൾ ഭേദമായി വരികയാണ്. വളർത്തുനായയ്ക്കും പ്രശ്നങ്ങളൊന്നും ഇല്ല എന്നും യുവാവിന്റെ സുഹൃത്ത് അറിയിച്ചു. അൽപ്പം കുസൃതിക്കാരനാണ് വളർത്തുനായയെന്നും, വെടിയൊച്ച കേട്ടാണ് ഉറക്കത്തിൽ നിന്നും എണീറ്റതെന്നും സംഭവം നടക്കുമ്പോൾ യുവാവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി പറഞ്ഞു.