ഉത്പാദനം കുത്തനെ ഇടിയുകയും കമ്പോളത്തിലെത്തുന്ന ഏലക്കായയുടെ അളവിൽ കുറവുണ്ടാകുകയും ചെയ്തതോടെ ഏലക്കായ വില നേരിയ തോതിൽ ഉയർന്നു. സെപ്റ്റംബർ ആദ്യവാരം 2000-2100 രൂപ വിലയുണ്ടായിരുന്ന ശരാശരി ഗുണമേന്മയുള്ള ഏലക്കായക്ക് നിലവിൽ 3000 രൂപവരെ വില ലഭിക്കുന്നുണ്ട്. Shortage of production; Will cardamom prices fall?
ബുധനാഴ്ച നടന്ന ഇ-ലേലത്തിൽ 3006 രൂപ ശരാശരി വില ലഭിച്ചു. ഉയർന്ന വിലയായി 4002 രൂപയും ലഭിച്ചതോടെ കർഷകർ ആവേശത്തിലാണ്. എന്നാൽ ജലസേചന സൗകര്യമുള്ള കർഷകർക്കും എസ്റ്റേറ്റുകളിലുമാണ് നിലവിൽ ഉത്പാദനം നടക്കുന്നത്.
ചെറുകിട കർഷകരുടെ തോ ട്ടത്തിൽ ഉത്പാദനം കുത്തനെ താഴ്ന്ന നിലയിലാണ്.
ഉഷ്ണ തരംഗത്തിൽ ഏലച്ചെടികൾ ഉണങ്ങി നശിച്ചതും തുടർന്നുണ്ടായ അതിവർഷത്തിൽ ബാക്കിയുള്ളവ അഴുകി നശിച്ചതുമാണ് ഏലക്കായയുടെ ഉത്പാദനം കുത്തനെ ഇടിയാൻ കാരണമായത്.
ജൂൺ മാസത്തിൽ തന്നെ ഉത്പാദനം ഇടിഞ്ഞെങ്കിലും ഇരിപ്പുകായ ( സംഭരിച്ചുവെച്ച ഏലക്കായ) വൻ തോതിൽ കമ്പോളത്തിൽ എത്തിയതിനാൽ വില വർധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സംഭരിച്ചുവെച്ച് എലക്കായ ചെലവായതിനാൽ കമ്പോളത്തിൽ നടപ്പുകായ (വിളവെടുത്ത ഉടനെയുള്ള ഏലക്കായ ) മാത്രമാണ് കമ്പോളത്തിൽ എത്തുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിൽ ചെടികൾ നശിച്ചതോടെ കുറഞ്ഞ അളവിലാണ് നടപ്പുകായ എത്തുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ നശിച്ചുപോയ ഏലത്തോട്ടങ്ങളിൽ പുതിയ ചെടികൾ വെച്ചുപിടിപ്പിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും തട്ടയ്ക്ക് ( പുനർകൃഷിക്കുള്ള ഏലച്ചെടി ) വില ഉയർന്നതും തിരിച്ചടിയാകുന്നുണ്ട്.
മുൻപ് 60 രൂപയുണ്ടായിരുന്ന ഏലത്തട്ടയൊന്നിന് 100 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ വില. ഉത്പാദനം ഉടനെ വൻ തോതിൽ ഉയരാത്തതും വേനൽ കടുക്കുന്നതും ഏലം വില മെച്ചപ്പെടുത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്.