ധാക്ക: ഒത്തുകളി വിവാദത്തെ തുടർന്ന് പാകിസ്താൻ മുൻ നായകൻ ശുഐബ് മാലിക്കുമായുള്ള ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ (ബി.പി.എൽ) കരാർ റദ്ദാക്കി ഫോർച്യൂൺ ബാരിഷാൽ ടീം. കഴിഞ്ഞദിവസം ഫോർച്യൂൺ ബാരിഷാലും ഖുൽന ടൈഗേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ശുഐബ് ഒരോവറിൽ മൂന്നു നോബോളുകൾ എറിഞ്ഞിരുന്നു. ഈ ഓവറിൽ തന്നെ താരം 18 റൺസാണ് വഴങ്ങിയത്. ആരാധകരടക്കം താരത്തെ പരിഹസിച്ചു രംഗത്തെത്തിയതോടെയാണ് ഒത്തുകളി ആരോപണം ഉയർന്നത്.
ബംഗ്ലാദേശ് പത്രപ്രവർത്തകനായ സെയിദ് സാമിയാണ് താരം ഒത്തുകളി സംശയത്തിന്‍റെ നിഴലിലാണെന്ന കാര്യം വെളിപ്പെടുത്തിയത്. ഫോർച്യൂൺ ബാരിഷാൽ ടീം താരവുമായുള്ള കരാർ റദ്ദാക്കിയെന്നും ടീം ഉടമ മിസാനൂർ റഹ്മാൻ ഇക്കാര്യം സ്ഥിരീകരിച്ചതായും സാമി എക്സിൽ കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത ഫോർച്യൂൺ ടീം 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഖുല്‍ന ടൈഗേഴ്സ് ലക്ഷ്യത്തിലെത്തി. ഫോർച്യൂൺ നായകൻ തമീം ഇക്ബാൽ മത്സരത്തിലെ നാലാം ഓവർ എറിയാൻ ശുഐബിനെയാണ് ഏൽപിച്ചത്. ഈ ഓവറിലാണ് താരം മൂന്നു നോബാളുകൾ എറിഞ്ഞത്. ഈ ഓവർ മാത്രമാണ് മാലിക്ക് മത്സരത്തിൽ പന്തെറിഞ്ഞത്. ഖുൽന ടൈഗേഴ്സ് ആദ്യ നാല് ഓവറിൽതന്നെ 50 റൺസ് കടക്കുകയും ചെയ്തു.
ഫോർച്യൂണ്‍ ടീമിനു വേണ്ടി ആറു പന്തുകളിൽ അഞ്ചു റൺസ് മാത്രമാണു മാലിക്ക് നേടിയത്. പാക് ദേശീയ ടീമിന്റെ ഭാഗമല്ലാത്ത മാലിക്ക്, കഴിഞ്ഞ ദിവസം ട്വന്റി20 ക്രിക്കറ്റിൽ 13,000 റൺസെന്ന നേട്ടത്തിലെത്തിയിരുന്നു. ബംഗ്ലദേശ് പ്രീമിയർ ലീഗിൽ രംഗ്പൂർ റൈഡേഴ്സിനെതിരായ മത്സരത്തിലായിരുന്നു താരം 13,000 റൺസ് തികച്ചത്. ടീമുമായുള്ള കരാർ റദ്ദാക്കിയതോടെ താരം ദുബൈയിലേക്ക് മടങ്ങിയതായാണ് റിപ്പോർട്ട്.
Read Also:പുജാരയും രഹാനയും പുറത്ത്; കോലിക്ക് പകരക്കാരനായി രജത് പാട്ടിദാർ ടീമിൽ