കുവൈറ്റ്: കുവൈറ്റ്- ഇറാൻ സമുദ്രാതിർത്തിയിലുണ്ടായ കപ്പൽ അപകടത്തിൽ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തി. ഒരു മലയാളി അടക്കം രണ്ട് പേരുടെ മൃതദേഹം ആണ് കിട്ടിയെന്നാണ് സൂചന. ഒപ്പം രണ്ട് ഇറാൻ പൗരന്മാരുടെ മൃതദേഹവും ലഭിച്ചിട്ടുണ്ട്.(Ship sink in Kuwait; Bodies of 2 missing Indians found, one suspected to be a Malayali)
കണ്ണൂർ സ്വദേശി അമൽ സുരേഷിനെയാണ് അപകടത്തിൽ കാണാതായത്. ഇറാനിയൻ കപ്പലായ അറബ്ക്തറിലായിരുന്നു അമലിന് ജോലി. ഓഗസ്റ്റ് 28നാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. സെപ്തംബർ ഒന്നിന് ഇറാൻ കുവൈറ്റ് അതിർത്തിയിൽ കപ്പൽ അപകടത്തിൽപ്പെട്ടെന്നും അമലും ഒരു തൃശ്ശൂർ സ്വദേശിയുമുൾപ്പെടെ ആറ് പേരെ കാണാതായെന്നും വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് മൂന്ന് മൃതദേഹങ്ങൾ കുവൈറ്റ് ഇറാൻ സംയുക്ത സേനകളുടെ തെരച്ചിലിൽ കണ്ടെത്തി. ഡിഎൻഎ പരിശോധനക്കായി കുവൈറ്റിലെ എംബസി കുടുംബത്തെ ബന്ധപ്പെട്ടു. സാമ്പിൾ ഫലം അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഒരറിയിപ്പും ലഭിച്ചില്ല. തുടർന്ന് അമലിന്റെ അച്ഛൻ സുരേഷ് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാർക്കും സുരേഷ് അപേക്ഷ നൽകിയിരുന്നു. അപകടത്തിൽപ്പെട്ട തൃശ്ശൂർ സ്വദേശിയുടെ കാര്യത്തിലുമുണ്ട് അവ്യക്തത.