രോഗ ബാധിതനായ കുട്ടിയുടെ ചികിത്സയ്‌ക്കായി മൂന്ന് കോടി രൂപ പിരിച്ചു നല്‍കിയ ചാരിറ്റി പ്രവര്‍ത്തകന് ഇന്നോവ കാര്‍ സമ്മാനിച്ച് കുട്ടിയുടെ കുടുംബം. സോഷ്യല്‍ മീഡിയയിലൂടെ ചാരിറ്റി നടത്തുന്ന അഡ്വ. ഷമീര്‍ കുന്ദമംഗലം എന്നയാള്‍ക്കാണ് രോഗിയായ കുട്ടിയുടെ കുടുംബം ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കിയത്.
ഫെബ്രുവരി27 ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ഷാമില്‍ മോന്‍ ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണത്തിനിടെ ഷമീര്‍ കുന്നമംഗലത്തിന് യാത്രയയപ്പ് ചടങ്ങിലാണ് കാറിന്റെ താക്കോല്‍ കൈമാറിയത്. ചടങ്ങില്‍ കൊണ്ടോട്ടി എംഎല്‍എ ടിവി ഇബ്രാഹിം അടക്കം പങ്കെടുത്തു
സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവരോഗം ബാധിച്ച മലപ്പുറം മുതുവല്ലൂരിലെ പതിനാലുകാരൻ ഷാമിൽമോൻ്റെ ചികിത്സക്കായി നാട് കൈകോർത്തത് മാസങ്ങൾ മുൻപ് മാത്രമാണ്.
മൂന്നുകോടിയെന്ന വലിയ സംഖ്യ ഒറ്റമാസം കൊണ്ട് പിരിച്ചെടുത്ത് മാതൃകയായ ഈ പരിശ്രമം ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
മൂന്നുകോടി സമാഹരിക്കാൻ മുൻപിൽ നിന്ന ഷമീർ കുന്ദമംഗലം എന്ന ചാരിറ്റി പ്രവർത്തകന് ഷാമിൽമോൻ്റെ കുടുംബം ഫുൾ ഓപ്ഷൻ ഇന്നോവ ക്രിസ്റ്റ കാർ സമ്മാനിച്ചുവെന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് വിവാദത്തിന് കാരണം.

കാർ കൈമാറുന്നതിൻ്റെ ഫോട്ടോ സഹിതം വന്ന പോസ്റ്റിന് കീഴിൽ പച്ചത്തെറികൾ അടക്കമുള്ള കമൻ്റുകൾ നിറയുന്നുണ്ട്.
കാർ കൈപ്പറ്റിയത് സമ്മതിക്കുന്ന ഷമീർ കുന്ദമംഗലം പക്ഷെ അത് യൂസ്ഡ് ആണെന്നും 12 ലക്ഷം മാത്രമാണ് വിലയെന്നും വിശദീകരിച്ച് പിന്നീട് രംഗത്തെത്തി. തൻ്റെ കാർ ചാരിറ്റിക്കായി ഒരുപാട് ഓടി കേടുവന്നത് കൊണ്ടാണ് ഷാമിലിൻ്റെ കുടുംബത്തിൻ്റെ സമ്മാനം സ്വീകരിച്ചതെന്നും, പഴയത് എക്സ്ചേഞ്ച് ചെയ്തശേഷം 6 ലക്ഷം മാത്രമാണ് ചിലവായതെന്നും ഷമീർ പറയുന്നു.
‘ഷമീർക്കാ പാവാണ്’ എന്ന മട്ടിലുള്ള വാദങ്ങളും പുറത്തു വരുന്നുണ്ട്. ചാരിറ്റി നടത്തുന്ന പല ഏജൻസികളും വൻതുക കമ്മിഷൻ പറ്റുന്നുണ്ടെന്നും, അത്രയും വാങ്ങാത്തതാണോ കുറ്റമെന്നും ചോദ്യങ്ങൾ ഉന്നയിക്കുന്ന ന്യായീകരണ തൊഴിലാളികളേയും സോഷ്യൽ മീഡിയയിൽ കാണാം.
ചികിത്സാ സഹായം ചിലവാക്കിയല്ലെന്നും, രോഗിയുടെ ബന്ധുക്കൾ പിരിവെടുത്താണ് ഇന്നോവ സമ്മാനിച്ചത് എന്നുമുള്ള ദുർബല വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്.