തിരുവനന്തപുരം:പാരമ്പര്യ രോഗമാണ് ഷക്കീറിന്. ചികിത്സകളൊന്നും ഫലിച്ചില്ല. കാഴ്ചശക്തി കുറഞ്ഞു കുറഞ്ഞ് 40-ാം വയസിൽ പൂർണ അന്ധത. മുറിയിൽ കഴിഞ്ഞുകൂടാൻ ബന്ധുക്കൾ പറഞ്ഞെങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ പശു വളർത്തലിലേക്ക് തിരിഞ്ഞു.
ഭാര്യ നൂർജഹാൻ കൈപിടിച്ചു. പാൽ വിറ്റ് ഇരുവരും മക്കളെ പഠിപ്പിച്ചു. പെൺമക്കളായ ഷംന എം.ടെക്കും ഷെഹിന ബി.ടെക്കും പാസായി. മകൻ ഷെമീം ബി.ബി.എ കഴിഞ്ഞ് എച്ച്.ഡി.എഫ്.സി ബാങ്കിൽ ഉദ്യോഗസ്ഥനായി.
എന്നുവച്ച് ജീവിതം തന്ന പശുക്കളെ കൈവിടില്ല പൂവച്ചൽ എസ്.എസ് മൻസിലിലെ ഈ അറുപത്തൊന്നുകാരൻ. തൊഴുത്തിലിൽ ഇപ്പോൾ അഞ്ചെണ്ണമുണ്ട്. പാൽ വില്പനയുടെ ചുമതല ഭാര്യയ്ക്കാണ്. മികച്ച ക്ഷീര കർഷകനുള്ള ഗ്രാമ പഞ്ചായത്തിന്റെ അവാർഡ് രണ്ടുതവണ ഷക്കീറിന് ലഭിച്ചു. ഫെഡറേഷൻ ഒഫ് ബ്ലൈന്റ് സംസ്ഥാന അവാർഡും നൽകി.
പുലർച്ചെ മൂന്നരയോടെ ഷക്കീറിന്റെ ദിവസം തുടങ്ങും. എഴുന്നേറ്റാലുടൻ വടിയൂന്നി തൊഴുത്തിലിലേക്ക്. വൈക്കോൽ പകുത്തെടുത്ത് നൽകും. പിണ്ണാക്കും തീറ്റയും കലക്കി പശുക്കളുടെ കൊമ്പിൽ പിടിച്ച് ഓരോന്നിനെയും തിരിച്ചറിഞ്ഞ് കൊടുക്കും. ചാണകം വാരി തൊഴുത്ത് വൃത്തിയാക്കും. പശുക്കളെ കുളിപ്പിക്കും. കറവക്കാരനെത്തുമ്പോൾ സഹായിക്കാൻ ഒപ്പംകൂടും. പിന്നെ, കുളിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് പറമ്പിലേക്ക്. ഒരു ചാക്ക് പച്ചപ്പുല്ലുമായേ തിരിച്ചെത്തൂ. വൈകിട്ടും പശുവിനെ കുളിപ്പിപ്പ് കറക്കും.
ആവുന്ന കാലത്തോളം ഇവയെ പോറ്റും. 16 പശുക്കളെയും 24 ആടിനെയും വളർത്തിയ കാലമുണ്ടായിരുന്നു.