കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകത്തിൽ ആറു പേരെ പ്രതി ചേർത്തുള്ള കുറ്റപത്രം സമർപ്പിച്ചു. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഗൂഢാലോചനയെ കുറിച്ച് തുടർ അന്വേഷണം നടത്തുമെന്നും കുറ്റപത്രത്തിലുണ്ട്.
ഷഹബാസിൻ്റെ കുടുംബം തുടക്കം മുതൽ തന്നെ പ്രതികളായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ ബന്ധുക്കളുടെ പങ്കിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കൃത്യത്തിൽ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്നാണ് പൊലീസ് നിഗമനം. ബന്ധുക്കളുടെയടക്കം പങ്ക് സംബന്ധിച്ച് കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
അതേസമയം കേസിൽ പ്രതികളായ ആറ് വിദ്യാർത്ഥികളുടെ ജാമ്യഹർജികൾ ഹൈക്കോടതി അന്തിമവാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.
ഹർജിക്കാരുടേയും മറ്റു കക്ഷികളുടേയും പ്രധാനവാദങ്ങൾ പൂർത്തിയായെങ്കിലും നിയമപ്രശ്നങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി മാറ്റിയത്.
പ്രതികളെ ജാമ്യത്തിൽവിട്ടാൽ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നും അവരുടെ ജീവൻ അപകടത്തിലാകുമെന്നുമുള്ള പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചും പ്രതികൾക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്ന് വിലയിരുത്തിയും നേരത്തെ ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു.
ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളിക്ക് ദാരുണാന്ത്യം