ഗസ്സയിൽ കടുത്ത ശൈത്യം തുടരുന്നു. നവജാതശിശുക്കൾ തണുത്ത് മരിക്കുന്ന സാഹചര്യമാണ്. തെക്കൻ ഗാസയിലെ അൽ-മവാസിയിലെ അഭയാർത്ഥി ക്യാമ്പിൽ മൂന്ന് കുട്ടികൾ കടുത്ത തണുപ്പിൽ മരവിച്ച് മരിച്ചത് 48 മണിക്കൂറിനിടെയാണ്.Severe winter in Gaza; Newborns freeze to death
മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഡോ. മുനീർ അൽ-ബുർഷ് വ്യക്തമാക്കി.
കുഞ്ഞുങ്ങളെ തുണികളിൽ പൊതിഞ്ഞ് ശരീരതാപനില ക്രമീകരിക്കാനാണ് മാതാപിതാക്കൾ ശ്രമിക്കുന്നത്. എന്നാൽ വസ്ത്രങ്ങൾ കുറവായതിനാൽ അധികനേരം ഇത് തുടരാൻ സാധിക്കുന്നില്ല. തണുപ്പ് കൂടുമ്പോൾ കുഞ്ഞുങ്ങളുടെ മുഖം നീല നിറമായി മാറിയതായും ബന്ധുക്കൾ വ്യക്തമാക്കി.
ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളിൽ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. റഫയുടെ പടിഞ്ഞാറുള്ള തീരപ്രദേശമായ അൽ-മവാസിയിൽ കുടിയിറക്കപ്പെട്ട ആയിരകണക്കിന് ഫലസ്തീനികളാണ് അഭയം തേടിയിരിക്കുന്നത്. തുണിയും നൈലോണും കൊണ്ട് നിർമ്മിച്ച താൽക്കാലിക ടെന്റുകളിലാണ് ഇവരുടെ താമസം.
ശൈത്യകാലത്തെ കൊടും തണുപ്പാണ് ഇപ്പോൾ മേഖലയിൽ വെല്ലുവിളിയാകുന്നത്.