പൊതുവേദിയിൽ പല രീതിയിലുള്ള ദുരനുഭവങ്ങൾ നേരിട്ട താരങ്ങൾ നിരവധിയാണ്. ചിലർ അവർ നേരിട്ട ദുരനുഭവങ്ങളെ പറ്റി തുറന്നു പറച്ചിലുകളും നടത്താറുണ്ട്. അത്തരത്തിൽ സ്വന്തം നാട്ടിലെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട കാര്യം പങ്കു വെച്ചിരിക്കുകയാണ് സീരിയൽ താരവും ഇൻഫ്ലുവൻസറുമായ അമൃത നായർ.(Serial actress Amrutha nair alleges humiliated experience in school programme)
താൻ പഠിച്ചിരുന്ന സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിലേക്ക് അതിഥിയായി ക്ഷണിക്കുകയും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്ന് അമൃത പറയുന്നു. സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
”ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്. അവൻ അല്ലെങ്കിൽ അവൾ അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്. പക്ഷേ, ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം.
ഞാൻ പഠിച്ച എന്റെ സ്വന്തം സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ എന്നെ അതിഥിയായി വിളിച്ചപ്പോ ശരിക്കും എനിക്ക് സന്തോഷവും അഭിമാനവും ആണ് ഉണ്ടായത്. ആ ചടങ്ങിൽ പങ്കെടുക്കാനായി ഞാനെന്റെ എല്ലാ ആവശ്യങ്ങളും മാറ്റി വെച്ച്, എന്തിനേറെ എനിക്ക് വരുമാനം കിട്ടുന്ന എന്റെ ഷൂട്ട് വരെ ഒഴിവാക്കി പോകാൻ കാത്തിരുന്നപ്പോഴാണ്, നിസാരമായി തലേന്ന് രാത്രി എന്നെ ആ ഫങ്ഷനിൽ നിന്നും മാറ്റിയ വിവരം അവിടുത്തെ ഒരു സംഘടകൻ എന്നെ വിളിച്ചു പറയുന്നത്. അതിനു അവർ പറഞ്ഞ കാരണമാണ് എന്നെ ഏറെ വിഷമിപ്പിച്ചത് “മന്ത്രിയുടെ കൂടെ വേദിയിൽ ഇരിക്കാനുള്ള യോഗ്യത” എനിക്കില്ലെന്നായിരുന്നു ആ കാരണം.
സ്വന്തം നാട്ടിൽ പോലും പരിഗണിക്കപെടാനുള്ള ഭാഗ്യം എനിക്ക് നിഷേധിച്ച ആ നല്ല മനസ്സുകൾ ആരൊക്കെയാണെന്നും അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഒരു ജനപ്രതിനിധിയുടെ കൂടെ വേദിയിൽ, അതെ നാട്ടിൽ നിന്നും വളർന്ന് വരുന്ന ഒരു കലാകാരി ഇരുന്നാൽ എന്താണ് കുറച്ചിലെന്ന് എനിക്ക് മനസ്സിലാവുന്നില്ല. എല്ലാ വിഷമങ്ങളും നെഞ്ചിൽ ഒതുക്കി മുന്നോട്ട് പോകുന്നത് തന്നെയാണ് എന്റെ ശീലം. എന്നാലും ഈ സംഭവം എല്ലാരുമായും പങ്കുവെക്കണമെന്ന് എനിക്ക് തോന്നി. കാരണം, പുകഴ്താൻ കഴിഞ്ഞില്ലെങ്കിലും നാം ആരെയും ഇകഴ്ത്താൻ ശ്രമിക്കരുത്. പ്രത്യേകിച്ച് കുട്ടികൾക്ക് നന്മയും നേരും നല്ല ശീലങ്ങളും പകർന്നു കൊടുക്കുന്ന എന്റെ വിദ്യാലയം ഈ ശതാബ്ദി നിറവിൽ നിൽക്കുമ്പോൾ. കണ്ണീരോടെ, ഒഴിവാക്കപ്പെട്ട ഈ എളിയ കലാകാരിയുടെ ആശംസകൾ.
താരത്തിന്റെ കുറിപ്പ് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായതോടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. കൂടെ നിന്നവർക്കും, സ്നേഹവും കരുതലും അറിയിച്ചവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് അടുത്ത ദിവസം അമൃത പോസ്റ്റ് ചെയ്തിരുന്നു. ഗണേഷ് കുമാറിനൊപ്പമുള്ള ചിത്രവും ഇതോടൊപ്പം പങ്കുവച്ചു.
Read Also: ഡിസിസി ഓഫീസിലെ തമ്മിലടി; പ്രസിഡന്റ് ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു